ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയുടെ ആഗോള സ്വാധീനത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച അന്താരാഷ്ട്ര ചലച്ചിത്രം 52 ബ്ലൂ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാകുന്നു. ഈജിപ്ഷ്യൻ സംവിധായകൻ അലി എൽ അറബി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലൂടെ മലയാളിയായ യാദവ് ശശിധർ എന്ന യുവതാരമാണ് ലോക സിനിമയുടെ ശ്രദ്ധാകേന്ദ്രമായി മാറുന്നത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആഷിഷ് എന്ന യുവാവിനെയാണ് യാദവ് ശശിധർ അവതരിപ്പിക്കുന്നത്. കേരളത്തിലെ ഉൾനാടൻ ദ്വീപുകളിൽ നിന്നും 2022 ഫിഫ ലോകകപ്പ് വേദിയായ ഖത്തറിലേക്കുള്ള ഒരു ആരാധകന്റെ യാത്രയാണ് സിനിമയുടെ പ്രമേയം.
കേവലമൊരു ഫുട്ബോൾ ആരാധകന്റെ കഥ എന്നതിലുപരി, സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമുള്ള കാഴ്ചകളാണ് ചിത്രം പങ്കുവെക്കുന്നത്. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ലിയോണൽ മെസിയുടെ നേരിട്ടുള്ള പങ്കാളിത്തമാണ്.
ചിത്രത്തിന്റെ അണിയറപ്രവർത്തകരെ നേരിൽ കണ്ട മെസി, സിനിമയുടെ ഔദ്യോഗിക പോസ്റ്ററിൽ ഒപ്പുവെക്കുകയും പിന്തുണയേകുകയും ചെയ്തു.
ദേശീയ പുരസ്കാര ജേതാവായ ആദിൽ ഹുസൈൻ യാദവിന്റെ പിതാവായും, നേഹ ധൂപിയ മാതാവായും വേഷമിടുന്നു. നേഹ ധൂപിയയുടെ ആദ്യ അന്താരാഷ്ട്ര ചിത്രം കൂടിയാണിത്.
കേരളത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ, പിന്നീട് ഖത്തറിന്റെ മണ്ണിലേക്ക് നീളുന്നു. വാഷിങ്ടൺ ഡി.സി.
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം, ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലണ്ടനിൽ നടന്ന യൂറോപ്യൻ പ്രീമിയറിൽ യാദവ് ശശിധർ അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
ഈജിപ്ത്, ഇന്ത്യ, അമേരിക്ക, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തി ആംബിയന്റ് ലൈറ്റ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പരസ്യചിത്രങ്ങളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ യാദവ് ശശിധർ, ഒരു വലിയ അന്താരാഷ്ട്ര പ്രോജക്റ്റിന്റെ നായകനാകുമ്പോൾ അത് കേരളത്തിലെ ചലച്ചിത്ര മേഖലയ്ക്ക് കൂടി അഭിമാനകരമായ നേട്ടമായി മാറുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

