ഇന്ത്യയുമായി കൂടുതൽ ശക്തമായ വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനായുള്ള താല്പര്യം പ്രകടിപ്പിച്ച് അഫ്ഗാനിസ്ഥാൻ രംഗത്ത്. അഫ്ഗാനിലെ വ്യവസായികളുടെ സംഘടനയാണ് ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള വ്യാപാര പങ്കാളിത്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
അഫ്ഗാനിസ്ഥാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻവസ്റ്റ്മെന്റ് ചെയർമാൻ സെയിദ് കരീ ഹാഷിം, അഫ്ഗാനിലെ ഇന്ത്യൻ സ്ഥാനപതി യതിൻ പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. അഫ്ഗാൻ വ്യവസായികൾക്ക് ബിസിനസ് വീസ നടപടികൾ ലഘൂകരിക്കണമെന്നും, സർക്കാർ അനുമതികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഈ വിഷയത്തിൽ ഇന്ത്യ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രാൻസിറ്റ് വ്യാപാരത്തിലെ ഇടിവ് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ട്രാൻസിറ്റ് വ്യാപാരത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ.
കരമാർഗം മാത്രം അതിർത്തിയുള്ള അഫ്ഗാനിസ്ഥാൻ, വിദേശ വ്യാപാരത്തിനായി പ്രധാനമായും പാക്കിസ്ഥാനെയും ഇറാനെയുമാണ് ആശ്രയിക്കുന്നത്. താലിബാൻ അധികാരത്തിൽ എത്തുന്നതിന് മുൻപ്, 2021-ൽ 500 കോടി ഡോളറിന്റെ ട്രാൻസിറ്റ് വ്യാപാരമാണ് പാക്കിസ്ഥാൻ വഴി നടന്നത്.
എന്നാൽ പുതിയ കണക്കുകൾ പ്രകാരം ഇത് 36.7 കോടി ഡോളറായി ചുരുങ്ങി. ഇക്കാലയളവിൽ കണ്ടെയ്നറുകളുടെ എണ്ണം 89,000-ൽ നിന്ന് 11,592 ആയി കുറയുകയും ചെയ്തു.
സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2025-ൽ പാക്കിസ്ഥാൻ അതിർത്തി അടച്ചതും അഫ്ഗാൻ-പാക് രാഷ്ട്രീയ തർക്കങ്ങളും വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ അഫ്ഗാൻ ഭരണകൂടം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
ചബാഹർ തുറമുഖത്തിന്റെ പ്രസക്തി ഇതിനിടെ, ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കൂടുതൽ കരുത്താർജിക്കുകയാണ്. ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചബാഹർ തുറമുഖം വഴിയാണ് നിലവിൽ അഫ്ഗാനിസ്ഥാനിലേക്കുള്ള ചരക്കുനീക്കം കാര്യക്ഷമമായി നടക്കുന്നത്.
ഇതിനായി 218 കിലോമീറ്റർ നീളമുള്ള സർജാങ് – ദെലാറാം ഹൈവേയും ഇന്ത്യ നിർമിച്ചിട്ടുണ്ട്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ പ്രതിവർഷം ശരാശരി 100 കോടി ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 90.78 കോടി ഡോളറായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

