ഫുട്ബോൾ ലോകം വീണ്ടും ബ്രസീലിയൻ മാന്ത്രികതയുടെ തിരിച്ചുവരവിനായി കാതോർക്കുന്നു. ലോകകപ്പ് കാലമെത്തുമ്പോൾ റേഡിയോ ഫ്രീക്വൻസികളിൽ പെലെയുടെ പേര് തിരഞ്ഞിരുന്ന പഴയ തലമുറയുടെ ആവേശത്തിന് സമാനമായി, റിയോ ഡി ജനീറോ മുതൽ ലോകമെമ്പാടുമുള്ള ആരാധകർ ഇപ്പോൾ മറ്റൊരു താരത്തിന്റെ മടങ്ങി വരവിനായി ഉറ്റുനോക്കുകയാണ്.
കാർലോ ആൻസലോട്ടി പ്രഖ്യാപിച്ച പുതിയ ബ്രസീൽ സ്ക്വാഡിൽ നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ ഇടംപിടിച്ചതോടെ, കാൽപന്ത് പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് അലയടിക്കുന്നത്. പലപ്പോഴും പരിക്ക് വില്ലനായെത്തിയ കരിയറായിരുന്നു നെയ്മറിന്റേത്.
2014-ലെ ലോകകപ്പിൽ ബ്രസീലിന്റെ കിരീട സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ച ആ നിർഭാഗ്യകരമായ സംഭവം മുതൽ, തുടർച്ചയായ പരിക്കുകൾ താരത്തിന്റെ കായിക ജീവിതത്തെ പലതവണ തളർത്തിയിട്ടുണ്ട്.
ഡ്രിബിളിങ് ശൈലിയും ജീവിതശൈലിയും വിമർശിക്കപ്പെട്ടെങ്കിലും, ക്യാമ്പ് നൗവിലും പാരീസിലും തന്റെ പ്രതിഭ തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 2023-ലെ എസിഎൽ ഇഞ്ചുറിക്ക് ശേഷമുള്ള തിരിച്ചുവരവ് നെയ്മറിന് അങ്ങേയറ്റം ദുഷ്കരമായിരുന്നു.
അടുത്തിടെ സബ്സ്റ്റിറ്റ്യൂഷൻ വിവാദങ്ങളും ക്ലബ് തലത്തിലെ മോശം ഫോമും അദ്ദേഹത്തിന് തിരിച്ചടിയായെങ്കിലും, അവസാനം ആൻസലോട്ടി തന്റെ തന്ത്രങ്ങളുടെ ഭാഗമായി നെയ്മറെ ടീമിലെത്തിച്ചു. റോഡ്രിഗോ, റിച്ചാർലിസൺ, ആന്തണി, എസ്റ്റാവോ തുടങ്ങിയ താരങ്ങൾക്ക് പരിക്കേറ്റത് നെയ്മറിന്റെ തിരിച്ചുവരവിന് വഴിതുറന്നെങ്കിലും, ഇത് അദ്ദേഹത്തിന് മുന്നിലുള്ള വലിയൊരു അഗ്നിപരീക്ഷയാണ്.
സാന്റോസിൽ നിന്നും തുടങ്ങി ലോകത്തിന്റെ നെറുകയിലെത്തിയ ആ യാത്രയ്ക്ക് അമേരിക്കൻ മണ്ണിൽ ഒരു മനോഹരമായ പര്യവസാനം നൽകാൻ അദ്ദേഹത്തിന് സാധിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് കുപ്പായം അണിഞ്ഞ ബ്രസീലിന്റെ ‘സുൽത്താൻ’ തന്റെ അവസാന ലോകകപ്പ് വേദിയിൽ ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

