തിരുവനന്തപുരം: ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിനായി പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും കേസിന്റെ അന്വേഷണം നടക്കുക.
അന്വേഷണ സംഘം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശമുണ്ട്. വിഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ 2023 ഡിസംബറിലായിരുന്നു സംഭവം. ആലപ്പുഴയിൽ വെച്ച് കറുത്ത കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങി ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ അന്ന് വലിയ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്.
ഈ സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് പൊലീസ് നടപടിയെടുക്കാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു.
കോടതിയുടെ നിർദ്ദേശത്തെത്തുടർന്നാണ് ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

