കൊച്ചിയിൽ നീണ്ട ഏഴു മാസത്തെ വിലക്കിന് ശേഷം വനിതാ ഓട്ടോറിക്ഷ ഡ്രൈവർ വീണ്ടും സർവീസ് ആരംഭിച്ചു.
ഫോർട്ട്കൊച്ചി സ്വദേശിയായ ഉഷ ബാബു (52) ആണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിൽ വീണ്ടും സർവീസ് നടത്തിതുടങ്ങിയത്. ‘‘ഏഴു മാസമായി ഊരുവിലക്ക് തുടങ്ങിയിട്ട്.
എന്നെക്കുറിച്ച് ഇല്ലാത്ത കഥകൾ പറഞ്ഞു പരത്തി. വീട്ടിലെ സാഹചര്യങ്ങളൊക്കെ മോശമാണ്.
ഒരു നിവൃത്തിയും ഇല്ലാതായപ്പോഴാണ് വീണ്ടും ഓടാൻ വന്നത്. അതിന് അവർ സമ്മതിക്കുന്നില്ല.
പിന്നെ ഇന്നു രാവിലെ മുതൽ സ്റ്റാൻഡിൽ ഓടിത്തുടങ്ങി. എനിക്കും ജീവിക്കണം’’– ഉഷ ബാബു വ്യക്തമാക്കുന്നു.
ഫോർട്ട്കൊച്ചി സ്വദേശിയായ ഉഷയും ഭർത്താവും കഴിഞ്ഞ 27 വർഷമായി ഓട്ടോറിക്ഷ ഡ്രൈവർമാരാണ്. ഇതിൽ 15 വർഷമായി എറണാകുളം ടൗണിലാണ് ഓടുന്നത്.
മകളുടെ വിവാഹം കഴിഞ്ഞിട്ടുണ്ട്. മകൻ മരണപ്പെട്ടു.
ഭർത്താവ് അസുബാധിതനുമാണ്. ഇതിനിടയിലാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്ന് തന്നെ ഊരുവിലക്കിയതെന്ന് ഉഷ ബാബു ആരോപിക്കുന്നു.
ഡ്രൈവർമാർ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് തന്നോടുള്ള വൈരാഗ്യമെന്നും അവർ പറയുന്നു. തുടക്കത്തിൽ സിഐടിയുവിന്റെ ഭാഗമായിരുന്നു ഉഷ ബാബു.
എന്നാൽ അതേ സംഘടന തന്നെയാണ് അവിടെ ഓടാൻ അനുവദിക്കാതിരുന്നതെന്ന് അവർ പറയുന്നു. എന്നാൽ ഉഷ ബാബു അമിതകൂലി വാങ്ങുന്നു എന്നതടക്കം നിരവധി പരാതികൾ ഉയർന്നതോടെയാണ് അവരെ യൂണിയനിൽ നിന്ന് പുറത്താക്കിയതെന്ന് സിഐടിയു മേഖലാ സെക്രട്ടറി ശെൽവരാജ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഓട്ടോയുമായി സ്റ്റാൻഡിൽ എത്തിയപ്പോഴും ഉഷയെ തടഞ്ഞു. ഇതോടെ മറ്റൊരു ഇടതു യൂണിയനായ എഐടിയുസിയുടെ അടുത്തെത്തി ഇവർ സഹായം തേടി.
എഐടിയുസി പ്രവർത്തകർ പ്രശ്നത്തിൽ ഇടപെടുകയും, എറണാകുളം സെൻട്രൽ സ്റ്റേഷനിലെ പൊലീസിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഉഷ ബാബുവിനെ സ്റ്റാൻഡിൽ ഓടാൻ അനുവദിക്കാം എന്ന് ഒടുവിൽ ധാരണയാവുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു രാവിലെ മുതൽ വീണ്ടും സർവീസ് ആരംഭിച്ചത്.
‘‘ഉഷ ബാബു വർഷങ്ങളോളം സിഐടിയുവിന്റെ ഭാഗമായി പ്രവർത്തിച്ചതാണ്. വിലക്ക് ഏർപ്പെടുത്തിയതോടെയാണ് അവർ ഞങ്ങളുടെ അടുത്ത് വരുന്നത്.
അവർക്ക് ആ സ്റ്റാന്റിൽ ഓടണമെന്നു പറഞ്ഞു. അത് അവരുടെ അവകാശമാണ്.
അവരെ തടഞ്ഞതിനെ തുടർന്ന് സിഐടിയു പ്രവർത്തകരുമായി ചർച്ച നടത്തി. ഉഷ ബാബുവിനെ മാത്രം ആ സ്റ്റാന്റിൽ ഓടാൻ അനുവദിക്കാം എന്നാണ് സിഐടിയു സമ്മതിച്ചിട്ടുള്ളത്’’– പ്രശ്നത്തിൽ ഇടപെട്ട
എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം ടി.സി.സഞ്ജിത് വ്യക്തമാക്കുന്നു. എന്നാൽ ഇതുഹൊണ്ടു മാത്രം പ്രശ്നം അവസാനിക്കുന്നില്ല എന്നും ടി.സി.സഞ്ജിത് കൂട്ടിച്ചേർക്കുന്നു.
‘‘ഇതും ഒരു വിധത്തിലുള്ള നോക്കുകൂലി തന്നെയാണ്. സിഐടിയുവിന്റെ പ്രഖ്യാപിത നയങ്ങളിൽനിന്ന് വ്യതിചലിച്ച് ഒരു വിഭാഗമാളുകൾ സാമ്പത്തികലാഭം ലക്ഷ്യമാക്കി പ്രവർത്തിക്കുകയാണ്.
അവിടെ ഞങ്ങളുടെ സംഘടനയിൽപ്പെട്ടവരെ ഓടാൻ അനുവദിക്കില്ലെന്നാണ് പറയുന്നത്. പൊലീസിന്റെ മധ്യസ്ഥതയിൽ വീണ്ടും ചർച്ച നടന്നു.
72 ഓട്ടോകൾ ഉള്ളതിൽ ഒരു ദിവസം ഉഷ ഉൾപ്പെടെ 3 പേരെ എങ്കിലും സ്റ്റാൻഡിൽ അനുവദിക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ സിഐടിയു സമ്മതിക്കുന്നില്ല.
തിങ്കളാഴ്ചയ്ക്കുള്ളിൽ പരിഹാരം കണ്ടെത്താമെന്നാണ് പൊലീസ് പറഞ്ഞിട്ടുള്ളത്. അവിടെ ഓടാൻ ഞങ്ഹൾക്കും അവകാശമുണ്ട്’’– ടി.സി.സഞ്ജിത് പറഞ്ഞു.
അതേസമയം, ഉഷ ബാബുവിന്റെ പേരിൽ ഒട്ടേറെ പരാതികൾ ഉയർന്നതോടെയാണ് അവരെ സംഘടനയിൽനിന്ന് പുറത്താക്കിയതെന്ന് ശെൽവരാജ് ആവർത്തിക്കുന്നു. കൊച്ചി മെട്രോ താത്ക്കാലികമായി അനുവദിച്ച സ്ഥലത്ത് സ്വന്തം കയ്യിൽനിന്ന് പണം മുടക്കി അവിടം മണ്ണിട്ടു നികത്തിയാണ് നിലവിലെ ഡ്രൈവർമാർ അവിടെ ഓടുന്നത്.
മറ്റു സംഘടനകളിൽ അംഗത്വം ഉള്ളവർ ഓടാൻ വന്നപ്പോഴും അവരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിരുന്നു. എന്നാൽ ഉഷയ്ക്കെതിരെ ക്രമം തെറ്റിച്ച് ഓടുക, ചെറിയ ഓട്ടത്തിന് പോകാതിരിക്കുക, പോയാൽ തന്നെ വലിയ പൈസ വാങ്ങുക തുടങ്ങിയ ഒട്ടേറെ പരാതികൾ കിട്ടിയതോടെയാണ് അവരെ ഒഴിവാക്കിയത്.
ഇവരുടെ പേരിൽ പൊലീസ് പ്രശ്നമുണ്ടാക്കുമ്പോൾ പോലും തങ്ങളാണ് അത് പരിഹരിച്ചു മുന്നോട്ടു പോയതെന്നും ശെൽവരാജ് വ്യക്തമാക്കി. സംഘടനയിൽപ്പെട്ട
ഓട്ടോ ഡ്രൈവർമാർ നാളെ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

