ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ജനകീയ പ്രഖ്യാപനങ്ങളിലൂടെ ശ്രദ്ധേയമായ തുടക്കം കുറിച്ചെങ്കിലും, തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കുകയെന്ന വലിയ വെല്ലുവിളിയാണ് വി.ഡി.എസ് സർക്കാരിന് മുന്നിലുള്ളത്. ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ വഴി എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ, 3000 രൂപ ക്ഷേമ പെൻഷൻ, യുവാക്കൾക്ക് സംരംഭങ്ങൾ തുടങ്ങാൻ 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം എന്നിവയാണ് നടപ്പാക്കാനുള്ള പ്രധാന പദ്ധതികൾ.
സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഈ പ്രഖ്യാപനങ്ങൾ എത്രവേഗം പ്രാവർത്തികമാക്കാം എന്നതിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ആറ് മാസത്തിനുള്ളിൽ ഈ ഗാരന്റികൾ യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി വിശദമായ പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സൗജന്യ ബസ് യാത്ര, വിദ്യാർഥിനികൾക്കുള്ള ധനസഹായം തുടങ്ങിയ പദ്ധതികൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മുൻഗണന നൽകിക്കൊണ്ട് പരിമിതപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. ആനുകൂല്യങ്ങൾ എല്ലാവർക്കും ഒരേപോലെ നൽകുന്നതിന് പകരം മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താനാണ് സാധ്യത.
സംസ്ഥാന ബജറ്റ് അടുത്ത മാസം അഞ്ചിന് അവതരിപ്പിക്കാനിരിക്കെ, ധനവകുപ്പിന്റെ അധിക ചുമതല നിർവഹിക്കുകയെന്നത് വി.ഡി. സതീശനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
സാമ്പത്തിക ഞെരുക്കത്തിനിടയിൽ ബജറ്റ് അവതരിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെങ്കിലും, യുവത്വവും ഓർമശക്തിയും സതീശന് തുണയാകുമെന്നാണ് വിലയിരുത്തൽ. ബജറ്റ് തയ്യാറെടുപ്പുകൾ ഇതിനകം തന്നെ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.
പുതുയുഗ യാത്രയ്ക്കിടെ ലഭിച്ച നിർദേശങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ധനവില കുറയ്ക്കുന്നത് അടക്കമുള്ള ജനപ്രിയ തീരുമാനങ്ങൾ ബജറ്റിൽ ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്നതിനായി ഒരു ധവളപത്രം പുറത്തിറക്കുമെന്ന് വി.ഡി. സതീശൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

