കൊച്ചി പാലാരിവട്ടത്തെ പ്രമുഖ സ്വകാര്യ പണയ സ്ഥാപനത്തിൽ ഹാൾമാർക്ക് മുദ്രയുള്ള വ്യാജ സ്വർണാഭരണങ്ങൾ നൽകി ഏകദേശം ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിലായി. കൊച്ചി സിറ്റി പോലീസാണ് കുറ്റകൃത്യത്തിന് പിന്നിലെ പ്രധാനികളെ പിടികൂടിയത്.
2024 ജൂൺ 13 മുതൽ ജൂലൈ 27 വരെയുള്ള തിയതികളിലായിരുന്നു നഗരത്തെ ഞെട്ടിച്ച ഈ സാമ്പത്തിക തട്ടിപ്പ് അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ഇരിക്കൂർ സ്വദേശി വിഷ്ണു, വയനാട് മൂലംകാവ് സ്വദേശി രാഹുൽ, ഇടുക്കി മണിയാർകുടി സ്വദേശി ലിബിൻ സേവ്യർ (34), തട്ടിപ്പിന്റെ സൂത്രധാരനായ ഇടുക്കി ഉടുമ്പന്നൂർ സ്വദേശി അർഷൽ ഇസ്മായിൽ (32), വ്യാജ സ്വർണം നിർമ്മിച്ചു നൽകിയ കോതമംഗലം പിണ്ടിമന സ്വദേശി ഷിനോജ് (42) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ആദ്യം യഥാർത്ഥ സ്വർണം പണയം വെച്ച് സ്ഥാപനത്തിലെ ജീവനക്കാരുടെ വിശ്വാസ്യത നേടിയെടുക്കുകയായിരുന്നു സംഘം ചെയ്തത്. കണ്ണൂർ സ്വദേശിയായ വിഷ്ണുവാണ് ഇതിനായി തുടക്കത്തിൽ രംഗത്തിറങ്ങിയത്.
തുടർന്ന് സുഹൃത്തുക്കളുമായി ചേർന്ന് ഹാൾമാർക്ക് മുദ്ര പതിപ്പിച്ച കൃത്രിമ സ്വർണാഭരണങ്ങൾ പലപ്പോഴായി പണയം വെച്ച് വലിയ തുക കൈക്കലാക്കുകയായിരുന്നു. സ്ഥാപനത്തിൽ നടത്തിയ ആഭന്തര ഓഡിറ്റിംഗിലാണ് പണയം വെക്കപ്പെട്ടവ വ്യാജനാണെന്ന വിവരം പുറത്തുവന്നത്.
തുടർന്ന് ജൂലൈ 29-ന് വീണ്ടും വ്യാജ ആഭരണവുമായി വിഷ്ണുവും രാഹുലും സ്ഥാപനത്തിലെത്തിയപ്പോൾ ജീവനക്കാർ ഉടൻ തന്നെ പാലാരിവട്ടം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മാനേജരുടെ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്നേ ദിവസം തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് കേരളത്തിനകത്തും പുറത്തുമായി വലിയ ശൃംഖലയുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് വെളിച്ചത്തായത്. വ്യാജ ആഭരണങ്ങൾ എത്തിച്ചു നൽകിയ ലിബിൻ സേവ്യറിനെ മൂവാറ്റുപുഴയിൽ നിന്നും, മാസ്റ്റർ മൈൻഡ് അർഷൽ ഇസ്മായിൽ, സ്വർണ്ണം പൂശി നൽകിയ ഷിനോജ് എന്നിവരെ ഒളിസങ്കേതങ്ങളിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.
പ്രതികളിൽ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച ആഭരണങ്ങളും നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ മേൽവിലാസത്തിൽ എടുത്ത സിം കാർഡുകളും മൊബൈൽ ഫോണുകളും ഇവർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സമാനമായ രീതിയിൽ ധനകാര്യ സ്ഥാപനങ്ങളെയും സാധാരണക്കാരെയും കബളിപ്പിച്ച് ഇവർ പണം തട്ടിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ വിഷ്ണു, ലിബിൻ, അർഷൽ എന്നിവരുടെ പേരിൽ മുൻപും വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെയും ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെയും കർശന നിർദ്ദേശപ്രകാരം എറണാകുളം എ.സി.പി കെ.ജെ. പീറ്റർ, പാലാരിവട്ടം ഇൻസ്പെക്ടർ അനൂപ് എ. എന്നിവരുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

