രാജ്യാന്തര ബഹിരാകാശ നിലയത്തിന് പുറമെ മറ്റൊരു കൗതുകകരമായ കാഴ്ചയൊരുക്കി ചൈനയുടെ സ്വന്തം ബഹിരാകാശ നിലയമായ ടിയാങ്ഗോങ് (Tiangong) ഇന്ന് കേരളത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ അവസരം. ഇന്ന് (18, വെള്ളി) വൈകിട്ട് 7.26ന് കേരളത്തിന്റെ ആകാശത്ത് എത്തുന്ന ഈ ബഹിരാകാശ നിലയം 7.30 വരെ നാല് മിനിറ്റോളം വ്യക്തമായി ദൃശ്യമാകും.
കഴിഞ്ഞ മൂന്ന് വർഷമായി ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കുന്ന ടിയാങ്ഗോങ് ഇതിനുമുമ്പും കേരളത്തിന് മുകളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും, സംസ്ഥാനത്തുടനീളം ഇത്രയും വ്യക്തതയോടെ കാണാൻ കഴിയുന്നത് അപൂർവ്വമാണ്. ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിലാണ് ഇതിന്റെ സഞ്ചാരപാത.
നിലവിൽ മൂന്ന് ചൈനീസ് ബഹിരാകാശ യാത്രികരാണ് പരീക്ഷണ നിരീക്ഷണങ്ങൾക്കായി ഈ നിലയത്തിലുള്ളത്. ഇന്ന് വൈകിട്ട് 7.26ന് കേരളത്തിന്റെ വടക്കു-പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിന് മുകളിലാണ് ടിയാങ്ഗോങ് ആദ്യമായി പ്രത്യക്ഷപ്പെടുക.
ഇതിനുമുമ്പ് കൊങ്കൺ തീരത്തും ഇത് ദൃശ്യമാകും. കാലാവസ്ഥ അനുകൂലമായിരുന്നാൽ ആകാശത്ത് കാർമേഘങ്ങൾ മറയ്ക്കാത്ത പക്ഷം മലയാളികൾക്ക് ഈ അപൂർവ്വ ദൃശ്യം പൂർണ്ണമായി ആസ്വദിക്കാം.
നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന ഈ ബഹിരാകാശ നിലയം 7.26ഓടെ വടക്കൻ മലബാർ മുതൽ കേരളത്തിന് മുകളിലൂടെ തെക്കോട്ട് സഞ്ചരിച്ചുതുടങ്ങും. ഈ വേളയിലാകും കേരളത്തിലുള്ളവർക്ക് ടിയാങ്ഗോങ് ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുക.
തുടർന്ന് 7.30ന് തെക്കൻ തമിഴ്നാടും പിന്നിട്ട് 7.31ഓടെ ശ്രീലങ്കയ്ക്ക് മുകളിലേക്ക് നീങ്ങുന്നതോടെ ഇത് കേരളീയരുടെ കാഴ്ചയിൽ നിന്നും മറയും. T ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ചൈനീസ് നിലയത്തിന് കാഴ്ചയിൽ ഒരു തുമ്പിയുടെ രൂപമാണുള്ളത്.
ആകാശത്ത് നിലവിൽ സൂര്യനും ചന്ദ്രനും ഐ.എസ്.എസിനും കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ള വസ്തു ടിയാങ്ഗോങ് ബഹിരാകാശ നിലയത്തിന്റേതാണ്. ശുക്രഗ്രഹത്തോളം വലിപ്പവും അതിനോടടുത്ത തിളക്കവുമാണ് ഇതിനുള്ളത്.
യാത്രാവേഗത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തോടൊപ്പം പിടിച്ചാണ് ടിയാങ്ഗോങിന്റെയും സഞ്ചാരം. നിലവിൽ ഭൂമിയുടെ ഭ്രമണപഥത്തിൽ രണ്ട് ബഹിരാകാശ നിലയങ്ങളാണ് ഉള്ളത്.
ഒന്ന് രാജ്യാന്തര ബഹിരാകാശ നിലയവും (ഐ.എസ്.എസ്) മറ്റൊന്ന് ചൈനയുടെ ടിയാങ്ഗോങ്ങുമാണ്. നാസയുടെ നേതൃത്വത്തിലുള്ള ഐ.എസ്.എസിൽ ചൈനീസ് പങ്കാളിത്തം നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ചൈന സ്വന്തമായി ഇത്തരമൊരു ബഹിരാകാശ നിലയം നിർമ്മിച്ചത്.
‘ബഹിരാകാശ കൊട്ടാരം’ എന്നാണ് ടിയാങ്ഗോങ് എന്ന വാക്കിന്റെ അർത്ഥം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

