രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുടെ ചുവടുപിടിച്ച് രാവിലെ ഇടിഞ്ഞ സ്വർണവില കേരളത്തിൽ ഉച്ചയോടെ കുതിച്ചുയർന്നു. ഡോളറിനെതിരെ രൂപ നേരിട്ട
വൻ ഇടിവും, രാജ്യാന്തര തലത്തിൽ സ്വർണവില ഇടിഞ്ഞതിനെ തുടർന്ന് ദൃശ്യമായ ‘ബയിങ് ദ ഡിപ്’ ട്രെൻഡുമാണ് വിപണിയിൽ പെട്ടെന്നുള്ള തിരിച്ചുകയറ്റത്തിന് വഴിവച്ചത്. അതേസമയം, രാജ്യാന്തര വിപണിയിൽ വില ഇപ്പോഴും നഷ്ടത്തിലാണ് തുടരുന്നത്.
ഔൺസിന് 22 ഡോളർ നഷ്ടവുമായി 4343 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. യുഎസിന്റെ നിർണായക പണപ്പെരുപ്പക്കണക്ക് ഉടൻ പുറത്തുവരാനിരിക്കേ വില ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.
എന്നാൽ, ഇതിനു വിപരീതമായി കേരളത്തിൽ ഇന്നുച്ചയ്ക്ക് സ്വർണവില കുത്തനെ കൂടുകയായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 60 പൈസ ഇടിഞ്ഞ് 95.7ൽ എത്തുകയും, ഇത് ഇറക്കുമതിച്ചെലവ് വർധിക്കുന്നതിന് കാരണമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിലക്കയറ്റം.
ക്രൂഡോയിൽ വില 108 ഡോളർ കടന്നതാണ് ഇന്ത്യൻ രൂപയ്ക്ക് പ്രധാനമായും തിരിച്ചടിയായത്. തുടർച്ചയായ നാലാം ദിവസമാണ് അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത്.
വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഉച്ചയ്ക്ക് സ്വർണവില ഗ്രാമിന് 140 രൂപ ഉയർന്ന് 14,155 രൂപയായി മാറി. പവന് 1120 രൂപ വർധിച്ച് 1,13,240 രൂപയാണ് ഇന്നത്തെ നിരക്ക്.
കൂടാതെ, 18 കാരറ്റ് സ്വർണവില ഗ്രാമിന് 115 രൂപ വർധിച്ച് 11,630 രൂപയിലെത്തി. എന്നാൽ, ഉച്ചയ്ക്ക് വെള്ളിവിലയിൽ മാറ്റമുണ്ടായിട്ടില്ല; ഒരു ഗ്രാം വെള്ളിക്ക് 245 രൂപ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

