നാട്ടിൽ വലിയതോതിൽ ശല്യമായി മാറുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനായി ഷൂട്ടർമാർക്ക് അനുമതി നൽകിക്കൊണ്ട് പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും, പ്രതിഫലത്തുക നൽകുന്ന കാര്യത്തിൽ പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് കടുത്ത അലംഭാവമാണ് ഉണ്ടാകുന്നത്. കേരളത്തിലെ 90 ശതമാനത്തോളം പഞ്ചായത്തുകളിലും കാട്ടുപന്നികളുടെ സാന്നിധ്യം വനം വകുപ്പ് ഔദ്യോഗികമായി ഉറപ്പുവരുത്തിയിട്ടുണ്ട്.
ഒരു കാലത്ത് മലയോര മേഖലകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന കാട്ടുപന്നികൾ ഇപ്പോൾ ജനവാസ മേഖലകളിലും നഗരങ്ങളിലും വരെ എത്തിക്കഴിഞ്ഞു. ഇവയെ വെടിവച്ചു കൊല്ലുന്നതിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രതിഫലം കൃത്യമായി നൽകാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് ആംസ് ലൈസൻസീസ് അസോസിയേഷൻ ആവശ്യപ്പെടുന്നു.
ഒരു പന്നിയെ വെടിവച്ചു കൊല്ലുന്നതിന് സർക്കാർ അനുവദിക്കുന്ന പ്രതിഫലം 1500 രൂപയാണ്. കാടുകയറി കിടക്കുന്ന പൊന്തക്കാടുകളും ചെങ്കുത്തായ റബർ തോട്ടങ്ങളിലും മറ്റും പന്നികളെ പിന്തുടർന്ന് വെടിവയ്ക്കുക എന്നത് ഏറെ ശ്രമകരമായ ഒരു ദൗത്യമാണ്.
ഇതിന് ഈ തുക തീർത്തും അപര്യാപ്തമാണെന്ന് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. എങ്കിലും, ഇതൊരു സാമൂഹിക പ്രശ്നമായി മാറിത്തുടങ്ങിയപ്പോൾ പന്നിശല്യം കുറയ്ക്കുന്നതിന് കുറഞ്ഞ തുക വാങ്ങി സേവനം ചെയ്യാൻ പല ഷൂട്ടർമാരും സന്നദ്ധരാവുകയായിരുന്നു.
എന്നാൽ സർക്കാർ വാഗ്ദാനം ചെയ്ത തുക പോലും കൃത്യമായി നൽകാതെ വന്നതോടെ പലരും ഈ ദൗത്യത്തിൽ നിന്ന് പിന്മാറുന്ന സാഹചര്യമാണുള്ളത്. മസിൽ ലോഡിങ് ഗൺ, ഡബിൾ ബാരൽ തുടങ്ങിയ തോക്കുകളുമായി ബസുകളിലും മറ്റും കയറി നിർദിഷ്ട
സ്ഥാനങ്ങളിൽ എത്തുക എന്നത് പ്രായോഗികമല്ല. ഇതിനായി സ്വന്തം വാഹനങ്ങളെയോ ടാക്സിയെയോ ആശ്രയിക്കേണ്ടി വരുന്നു.
ചില അവസരങ്ങളിൽ ഒരു പന്നിയെ വീഴ്ത്താൻ തന്നെ ഒന്നിലധികം ഉണ്ടകൾ (ബുള്ളറ്റ്) ഉപയോഗിക്കേണ്ടി വരാറുണ്ട്. ഒരു ബുള്ളറ്റിന് 200 രൂപയാണ് വില വരുന്നത്.
പന്നിയെ വീഴ്ത്തിക്കഴിയുമ്പോൾ വാഹന വാടകയും ബുള്ളറ്റിനുള്ള പണവും സ്വന്തം കയ്യിൽ നിന്നു മുടക്കേണ്ടി വന്ന നിരവധി ഷൂട്ടർമാർ രംഗത്തുണ്ട്. ഇതിനുപുറമേ, അക്രമകാരികളായ പന്നികളെ പിന്തുടരുമ്പോൾ എന്തെങ്കിലും അപകടങ്ങൾ ഉണ്ടായാൽ ചികിത്സാ ചെലവുകൾ പോലും സ്വന്തം പോക്കറ്റിൽ നിന്ന് മുടക്കേണ്ടി വരുന്ന ദയനീയ സാഹചര്യമാണ് നിലവിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

