രാജ്യത്തിന്റെ ബാങ്കിങ് സംവിധാനത്തെ കാലാനുസൃതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഉന്നതതല സമിതി ഉടൻ നിലവിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. 2047ലെ വികസിത ഭാരത് സങ്കൽപത്തിന് അനുസൃതമായി ബാങ്കിങ് മേഖലയെ മാറ്റിയെടുക്കുക എന്നതാണ് ഈ സമിതിയുടെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച നിർദേശമാണ് ഇപ്പോൾ ഔദ്യോഗികമായി നടപ്പാക്കാൻ ഒരുങ്ങുന്നത്. തലസ്ഥാനമായ ഡൽഹിയിൽ പൊതുമേഖലാ ബാങ്ക് മേധാവിമാരുടെ യോഗത്തിൽ സംസാരിക്കവെയാണ് സമിതി രൂപീകരണം സംബന്ധിച്ച നിർണായക പ്രഖ്യാപനം കേന്ദ്രമന്ത്രി നടത്തിയത്.
സമിതിയുടെ സമഗ്രമായ വിലയിരുത്തലുകളും നിർദേശങ്ങളും തുടർനടപടികൾക്കായി സർക്കാരിന് സമർപ്പിക്കും. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണവും ബാങ്ക് ലയന നടപടികളും സമിതിയുടെ പ്രധാന പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെട്ടേക്കുമെന്നാണ് സൂചന.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ എത്തിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെയും രാജ്യത്തിന്റെ സാമ്പത്തിക താൽപര്യങ്ങളെയും സ്വകാര്യവൽക്കരണം ബാധിക്കുമെന്ന തരത്തിലുള്ള ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് നിർമല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

