ടി.വീണയ്ക്ക് എതിരായ സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഭാഗത്തുനിന്നും വീണ്ടും കർശന നടപടികൾ. കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി എട്ട് ഇടങ്ങളിലാണ് നിലവിൽ മൂന്നാം ഘട്ട
പരിശോധന പുരോഗമിക്കുന്നത്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ നന്ദുലാലിന്റെ കോഴിക്കോട് ഈസ്റ്റ് ഹില്ലിലുളള വീട്ടിൽ ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ പരിശോധന ആരംഭിച്ചത്.
ടി.വീണയുടെ ഭർത്താവ് പി.എ.മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളും ഈസ്റ്റ്ഹിൽ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമാണ് നന്ദുലാൽ. പി.എ.മുഹമ്മദ് റിയാസിന്റെ മറ്റൊരു സുഹൃത്തും കോഴിക്കോട് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.നിഖിലിന്റെ ഫ്ലാറ്റിലും തിരച്ചിൽ നടക്കുന്നുണ്ട്.
ഇവരുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നതെന്നാണ് വിവരം.
മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ഉൾപ്പെട്ട കേസ് ആയതിനാൽ ആരംഭം മുതൽ തന്നെ സിഎംആർഎൽ–എക്സാലോജിക് ഇടപാടുകളിലെ അന്വേഷണത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചിരുന്നു.
കോഴിക്കോട്ടെ വിവിധ ഇടങ്ങളിൽ നടക്കുന്ന റെയ്ഡിൽ ഉൾപ്പെട്ടവർ ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കളാണെന്നതും കേസിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്കു വഴിതുറക്കും. കേസിലെ ആറാം പ്രതിയായ ടി.വീണയ്ക്ക് നിക്ഷേപമുള്ള കോഴിക്കോട്ടെ ഒരു കമ്പനിയിലും ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതായി സൂചനയുണ്ട്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലേക്കർ ഇന്ത്യ കോർപ് എന്ന കമ്പനിയിലാണ് ഇത്തരത്തിൽ തിരച്ചിൽ നടത്തുന്നത്. കേസിൽ ടി.വീണയുടെ പേരിലുളള 16.5 ലക്ഷം രൂപയുടെ നിക്ഷേപങ്ങൾ നേരത്തെ ഇ.ഡി മരവിപ്പിച്ചിരുന്നു.
മേയ് 27 ന് നടത്തിയ വീണയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ലഭിച്ച ചില രേഖകൾ പ്രകാരം വീണയുടെ അക്കൗണ്ടിൽ 1,37,088 രൂപയും എക്സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയും ലേക്കർ ഇന്ത്യ കോർപിന്റെ അക്കൗണ്ടിൽ 15,57,414 രൂപയും ഉണ്ടായിരുന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇതു കൂടാതെ ഈ കമ്പനിയുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി സംഘമെത്തിയതായും സൂചനയുണ്ട്.
കേസിൽ ടി.വീണയുടെ ഡയറിയിൽ കണ്ടെത്തിയ ചില വിവരങ്ങൾ പ്രകാരമാണ് റെയ്ഡ് എന്നാണ് വിവരം. മാസപ്പടി കേസിൽ പ്രതികളാക്കപ്പെട്ടവരുടെ സ്വത്തുക്കൾ അറ്റാച്ച് ചെയ്യുന്നതിനു മുന്നോടിയായാണ് അവസാനഘട്ട
പരിശോധനയുടെ ഭാഗമായി കോഴിക്കോട് ഉൾപ്പെടെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തുന്നത് എന്നാണ് സൂചന. ആദ്യഘട്ടത്തിൽ ഇസിഐആർ റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് വിവിധ ഇടങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു.
രണ്ടാം ഘട്ടത്തിലാണ് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് കോടതി നൽകിയ അനുമതി പ്രകാരം ടി.വീണയുടെ തിരുവനന്തപുരം ബേക്കറി ജംക്ഷനിലുള്ള വീട്ടിൽ പരിശോധന നടത്തിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താമസിക്കുന്ന ഈ വീട്ടിൽ റെയ്ഡ് നടത്തിയത് രാഷ്ട്രീയ പ്രേരിതമായാണെന്നു കാട്ടി സിപിഎം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും ദേശീയതലത്തിൽ വാർത്തയായിരുന്നു.
ഇതിനു പിന്നാലെ ടി.വീണയെ രണ്ടു തവണ ഇ.ഡി. ഉദ്യോഗസ്ഥർ കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളുടെ പരിശോധനയും ഇ.ഡി ആരംഭിച്ചിരുന്നു. എസ്എഫ്ഐഒ റിപ്പോർട്ടിന്റെ 134 അനുബന്ധ രേഖകളാണ് ഇ.ഡിക്ക് ലഭിച്ചത്.
സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്ത, മകൾ ഷിബി എസ്.
കർത്ത, മകൻ ശരൻ എസ്. കർത്ത എന്നിവരടക്കം ആറു പേരെയാണ് ഇ.ഡി ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തത്.
2.78 കോടി രൂപ പ്രത്യേകിച്ച് ഒരു സേവനവും നൽകാതെ അനധികൃതമായി സിഎംആർഎല്ലിൽ നിന്ന് വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനി കൈപ്പറ്റിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കളളപ്പണം വെളുപ്പിക്കൽ പരിധിയിൽ ഉൾപ്പെടുന്ന ഇടപാടാണ് ഇതെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

