തിരുനക്കര പഴയ ബസ് സ്റ്റാൻഡിൽ വ്യാപാരികൾ സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കി നിർമ്മിച്ച കടമുറികൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്തത് കടുത്ത പ്രതിസന്ധിയ സൃഷ്ടിക്കുന്നു. ഏകദേശം 36 ലക്ഷം രൂപ ചെലവഴിച്ചാണ് 36 കടമുറികൾ ഇവിടെ നിർമ്മിച്ചത്.
അധികൃതർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വയറിങ് ജോലികൾ ഉൾപ്പെടെ പൂർത്തിയാക്കിയിട്ടും ഇവ തുറക്കാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെ, തുറന്നു പ്രവർത്തിച്ച 4 കടകളുടെ ഉടമകൾക്ക് നഗരസഭ ഒഴിഞ്ഞു പോകാൻ നോട്ടീസ് നൽകുകയും ചെയ്തു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കടകൾ നിർമ്മിച്ചതെങ്കിലും നഗരസഭ അനുമതി നിഷേധിക്കുകയാണെന്നാണ് വ്യാപാരികളുടെ പ്രധാന പരാതി. ഈ പ്രതിസന്ധി കാരണം ഇത്തവണയും ഓണം പട്ടിണിയിലാണെന്ന് വ്യാപാരികൾ വേദനയോടെ പറയുന്നു.
പഴയ സ്റ്റാൻഡിലെ കെട്ടിടസമുച്ചയത്തിന് ബലക്ഷയമുണ്ടെന്നും 52 കടമുറികൾക്കും ഫിറ്റ്നസ് ഇല്ലെന്നും ചൂണ്ടിക്കാട്ടി 2022 ഒക്ടോബർ 3-നാണ് വ്യാപാരികളെ ഇവിടെനിന്ന് കുടിയൊഴിപ്പിച്ചത്. തുടർന്ന് സെപ്റ്റംബർ 14-ന് കെട്ടിടം പൂർണ്ണമായി പൊളിച്ചുനീക്കുകയായിരുന്നു.
വ്യാപാരികളെ വഴിയാധാരമാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയ ഷോപ്പിങ് കോംപ്ലക്സിന്റെ രൂപരേഖ പോലും തയ്യാറാക്കാൻ നഗരസഭയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. തുടർന്ന് 2025 ജൂലായ് 17-ന് വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ച് സ്വന്തം ചെലവിൽ താൽക്കാലികമായി കടകൾ നിർമ്മിക്കാൻ അനുമതി നേടിയെടുക്കുകയാണുണ്ടായത്.
എന്നാൽ 2025 ഡിസംബറിൽ കാലാവധി കഴിയുന്നതുവരെ അന്നത്തെ ഭരണസമിതി അനുകൂലമായ ഹൈക്കോടതി ഉത്തരവ് കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചില്ല. കൗൺസിലിന്റെ കാലാവധി അവസാനിച്ച ശേഷം, സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം നഗരസഭയുടെ കെട്ടിട
നിർമാണ വിഭാഗം സ്ഥലം പരിശോധിച്ച് 36 കടമുറികൾ പണിയാൻ അനുമതി നൽകുകയായിരുന്നു. നിർമ്മാണം പകുതിയായപ്പോഴേക്കും പുതിയ ഭരണസമിതി അധികാരത്തിൽ വരികയും പിന്നാലെ നഗരസഭയിൽ നിന്ന് സ്റ്റോപ് മെമ്മോ ലഭിക്കുകയും ചെയ്തു.
കെട്ടിടനിർമാണ വിഭാഗം അംഗീകരിച്ച ആദ്യ പ്ലാൻ പ്രകാരം പണിത കെട്ടിടത്തിന്റെ പകുതി ഭാഗം പൊളിച്ചുമാറ്റേണ്ടി വന്നു. പിന്നീട് പുതിയ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ഓരോ വ്യാപാരിയും ഒരു ലക്ഷം രൂപയ്ക്ക് മേൽ തുക മുടക്കിയാണ് ഈ കടമുറികൾ യാഥാർത്ഥ്യമാക്കിയത്. അതേസമയം, ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് കടമുറികൾ നിർമ്മിച്ചതെന്നതിൽ തെറ്റില്ലെന്ന് നഗരസഭാധ്യക്ഷൻ എം.പി.സന്തോഷ് കുമാർ വ്യക്തമാക്കി.
എന്നാൽ, നഗരസഭയുടെ മറ്റ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ വ്യാപാരികൾക്ക് കടമുറികൾ അനുവദിക്കാൻ സാധിക്കൂ. ഇതിനായി വ്യാപാരികൾ വീണ്ടും നഗരസഭയ്ക്ക് അപേക്ഷ സമർപ്പിക്കണം.
തുടർന്ന് അധികൃതർ കടകൾ പരിശോധിച്ച് കെട്ടിട നമ്പർ നൽകുകയും അതിനുശേഷം വാടക നിശ്ചയിക്കുകയും ചെയ്യും.
ഏതൊക്കെ മുറികൾ ഏതെല്ലാം വ്യാപാരികൾക്ക് നൽകണമെന്ന് കൗൺസിൽ യോഗം ചേർന്ന് തീരുമാനിക്കും. മുൻപ് ഇവിടെ നടത്തിയിരുന്ന കച്ചവടങ്ങൾ മാത്രമേ ഇനി നടത്താൻ അനുമതി നൽകുകയുള്ളൂ.
നഗരസഭ പുതിയ ഷോപ്പിങ് കോംപ്ലക്സ് നിർമ്മിക്കുന്ന ഘട്ടത്തിൽ വ്യാപാരികൾ സ്വന്തം ചെലവിൽ തന്നെ ഈ താൽക്കാലിക സംവിധാനങ്ങൾ പൊളിച്ചുനീക്കണമെന്നും അധ്യക്ഷൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

