തിരുവനന്തപുരം∙ കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ഓണാഘോഷ റാലിക്കിടെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെ പ്രതീകാത്മകമായി ‘ചവിട്ടിത്താഴ്ത്തി’ പ്രതിഷേധിച്ചു. പരീക്ഷാ മൂല്യനിർണയത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിയമ വിദ്യാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പ്രവർത്തകർ ഈ പ്രതിഷേധവുമായി എത്തിയത്.
കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയതിനു പിന്നാലെയാണ് പുതിയ മാതൃകയിലുള്ള ഈ സമരരീതി. യൂണിവേഴ്സിറ്റി കോളജിൽ നിന്നും ആരംഭിച്ച ഓണാഘോഷ റാലി ഉച്ചയോടെയാണ് സമീപത്തുള്ള വാഴ്സിറ്റി ആസ്ഥാനത്തേക്ക് പ്രവേശിച്ചത്.
വൈസ് ചാൻസലറുടെ മുഖംമൂടി ധരിച്ച് പ്രധാന കെട്ടിടത്തിനു മുന്നിൽ നിലയുറപ്പിച്ച വിദ്യാർഥിയെ, മാവേലി വേഷം ധരിച്ചെത്തിയ പ്രവർത്തകർ പ്രതീകാത്മകമായി ചവിട്ടിത്താഴ്ത്തുകയായിരുന്നു. സർവകലാശാല കവാടത്തിന് മുന്നിലും ക്യാംപസിനുള്ളിലുമായി വിന്യേഹിച്ചിരുന്ന വൻ പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഈ പ്രതിഷേധം അരങ്ങേറിയത്.
സമരത്തിന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എ നന്ദൻ, പ്രസിഡന്റ് വിജയ് വിമൽ, ജോയിന്റ് സെക്രട്ടറി സഞ്ജയ് സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

