കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് മുടങ്ങാതെ നടന്നു വരുന്ന ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംഘടന രംഗത്ത്. ജനങ്ങൾ ഈ സേവനം സ്വീകരിക്കുന്ന കാലത്തോളം പദ്ധതി തുടരുമെന്നും, ഇതിനെ തടയാൻ ആർക്കും കഴിയില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പദ്ധതിക്കെതിരെ ഉയർന്നുവരുന്ന ആക്ഷേപങ്ങളെയും കൊടിയുടെ ഉപയോഗത്തെയും സംഘടന ശക്തമായി പ്രതിരോധിച്ചു. “കൊടിയും ബാനറും അശ്ലീലമല്ല.
അത് ലോകത്ത് എല്ലാ സംഘടനകൾക്കും ഉണ്ട്. റെഡ് ക്രോസിന്റെ ചിഹ്നം ഉപയോഗിച്ചല്ലേ യുദ്ധഭൂമിയിൽ സന്നദ്ധസേവനം നടത്തുന്നത്.
ചുവപ്പു കണ്ട കാളയെ പോലെ ഡിവൈഎഫ്ഐയുടെ കൊടി കാണുമ്പോൾ എന്തിനാണ് ഇത്ര അസ്വസ്ഥത” എന്ന് ചോദ്യം ഉന്നയിച്ചു.
ആലപ്പുഴ ജില്ലയിൽ പൊതിച്ചോറ് വിതരണം ആയിരം ദിവസം തികഞ്ഞ വേളയിൽ അത് ഉദ്ഘാടനം ചെയ്തത് ജി. സുധാകരൻ ആയിരുന്നു.
അന്ന് സംഘടനയെ പ്രശംസിച്ച അദ്ദേഹം, ഇന്ന് നിലപാട് മാറ്റിയിരിക്കുകയാണെന്ന് വിമർശനം ഉയർന്നു. സംഘടനയുടെ നിലപാടുകൾ ഇങ്ങനെയാണ്:
* പദ്ധതിക്കെതിരെ കേരളത്തിൽ ഒരിടത്തും സംഘർഷമോ പരാതിയോ കേസുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
* കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും പ്രതിസന്ധികൾക്കിടയിലും ഭക്ഷണം എത്തിക്കാൻ സംഘടന ശ്രദ്ധിച്ചിരുന്നു.
* സർക്കാർ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചാൽ സഹകരിക്കാൻ തയ്യാറാണ്.
എന്നാൽ, നിലവിൽ ഇത്തരം സംവിധാനങ്ങളുടെ അസാന്നിധ്യമാണ് ഇത്തരം പ്രവർത്തനങ്ങളിലേക്ക് സംഘടനയെ നയിക്കുന്നത്.
* പദ്ധതിയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നും, എല്ലാ രാഷ്ട്രീയ പശ്ചാത്തലമുള്ളവരും ഭക്ഷണവിതരണത്തിൽ പങ്കാളികളാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭരണകൂടം സന്നദ്ധപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും, വിതരണവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തിയാണെന്നും നേതൃത്വം ആരോപിക്കുന്നു.
ആശുപത്രി പരിസരങ്ങളിൽ ഭക്ഷണം എത്തിക്കുമ്പോൾ ഒരു കൊടി ഉയർത്തുന്നത് വലിയ പ്രശ്നമായി കാണേണ്ടതില്ലെന്നും, ഇതിനെതിരെ പ്രതികരിക്കുന്നവർ സ്വന്തം പ്രവർത്തനങ്ങളിലെ ജാള്യത മറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

