ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ കൂട്ടരാജിയിൽ പ്രതികരണവുമായി ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് രംഗത്തെത്തി. ഭരണപരമായ കാരണങ്ങളാൽ സംഭവിക്കുന്ന സ്വാഭാവികമായ മാറ്റങ്ങൾ മാത്രമാണിതെന്നും വലിയ പ്രതിസന്ധികളെ ഇത് സൂചിപ്പിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്കുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ അസ്ഥാനത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വലിയ സ്ഥാപനങ്ങളിൽ ഇത്തരം മാറ്റങ്ങൾ സാധാരണമാണെന്നും ആളുകൾ പോകുന്നതിന് അനുസൃതമായി പുതിയ നിയമനങ്ങൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസങ്ങളിൽ ഗഗൻയാൻ ഉൾപ്പെടെയുള്ള സുപ്രധാന ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ രാജിവെച്ച പശ്ചാത്തലത്തിൽ, കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാൻ ഐഎസ്ആർഒ പുതിയ മെമ്മോ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ മാസങ്ങൾക്കുള്ളിൽ നൂറിലധികം ശാസ്ത്രജ്ഞർ ഐഎസ്ആർഒ വിട്ടു എന്നാണ് ലഭ്യമായ വിവരം.
ഇതിൽ 80-ഓളം പേർ ബെംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിന്നും, 20-ഓളം പേർ വി എസ് എസ് സി-യിൽ നിന്നുമാണ് ജോലി ഉപേക്ഷിച്ചത്. ഏകദേശം 120-ഓളം ശാസ്ത്രജ്ഞർ ഇക്കാലയളവിൽ രാജിവെച്ചതായും കൂടുതൽ പേർ പുറത്തുപോകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എൽവിഎം 3 പ്രോജക്ട് ഡയറക്ടർ, സ്പാഡെക്സ് പ്രോജക്ട് ഡയറക്ടർ, ചന്ദ്രയാൻ 3 പ്രോജക്ട് ഡയറക്ടർ തുടങ്ങിയ ഉന്നതതലത്തിലുള്ള ശാസ്ത്രജ്ഞരും ഈ കൊഴിഞ്ഞുപോക്കിൽ ഉൾപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് എ വിഭാഗത്തിൽപ്പെടുന്ന ശാസ്ത്രജ്ഞരുടെ രാജിയോ സ്വയം വിരമിക്കലോ സംബന്ധിച്ച നടപടികൾ ഐഎസ്ആർഒ കർശനമാക്കിയത്.
ഗഗൻയാൻ പോലുള്ള ദൗത്യങ്ങളിൽ ഉൾപ്പെട്ടവരുടെ അപേക്ഷകൾ സാധാരണ നടപടിക്രമങ്ങളിലൂടെ സ്വീകരിക്കേണ്ടതില്ലെന്നും, പദ്ധതികൾ പൂർത്തിയാകുന്നത് വരെ അപേക്ഷകൾ പരിഗണിക്കരുതെന്നും സെന്റർ ഡയറക്ടർമാർക്ക് നിർദ്ദേശമുണ്ട്. ഇത്തരം അപേക്ഷകളിൽ സെന്റർ ഡയറക്ടർമാർ സ്വയം തീരുമാനമെടുക്കാതെ അന്തിമ അംഗീകാരത്തിനായി കേന്ദ്രസർക്കാരിന്റെ ബഹിരാകാശ വകുപ്പിന് കൈമാറണമെന്നും പുതിയ മെമ്മോയിൽ വ്യക്തമാക്കുന്നു.
ഐഎസ്ആർഒ ചെയർമാൻ വി. നാരായണനും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതൊരു സ്വാഭാവിക പ്രക്രിയയാണെന്നും എന്നാൽ പ്രധാന പദ്ധതികളെ അത് ബാധിക്കില്ലെന്ന് ഉറപ്പുവരുത്താനാണ് പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു. 2004-നും 2007-നും ഇടയിൽ റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ പകുതിയോളം പേർ ജോലിവിട്ട
ചരിത്രവും ഐഎസ്ആർഒയ്ക്കുണ്ട്. 2012 മുതൽ 2024 വരെയുള്ള കാലയളവിൽ ഏകദേശം 700-ഓളം ജീവനക്കാരാണ് ഐഎസ്ആർഒയിൽനിന്ന് പടിയിറങ്ങിയത്.
സ്വകാര്യ മേഖലയിലെ അവസരങ്ങൾ മാത്രമല്ല ഈ കൊഴിഞ്ഞുപോക്കിന് കാരണമെന്നാണ് ഐഎസ്ആർഒയുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

