തിരുവനന്തപുരം സ്വദേശിയായ രാജേഷ് കണ്ണൂരിൽ നടത്തിയ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ചലച്ചിത്ര താരം മമ്മൂട്ടി. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രശസ്ത താരം തന്റെ ദുഃഖം അറിയിച്ചത്.
ശനിയാഴ്ച ചെറുപുഴയിൽ വെച്ച് കാണാതായ നീന്തൽ പരിശീലകനായ രാജേഷിന്റെ മൃതദേഹം ഇന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം. “ജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികൾ.
കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു,” എന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
സമൂഹമാധ്യമങ്ങളിൽ ഇതിനോടകം നിരവധി പേരാണ് ഈ കുറിപ്പ് പങ്കുവെച്ചുകൊണ്ട് രാജേഷിന്റെ മഹത്തായ ത്യാഗത്തെ അനുസ്മരിക്കുന്നത്. തിരുവനന്തപുരം കല്ലിയൂർ സ്വദേശിയാണ് രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരണമടഞ്ഞ രാജേഷ്.
പുളിങ്ങോം പാലത്തിന് സമീപത്തുനിന്നാണ് ഇന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് കരക്കെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിയമപരമായ നടപടിക്രമങ്ങൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം, സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതികളിൽ ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം 25 ആയി ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

