ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക കരാർ ഇന്നത്തോടെ നിലവിൽ വന്നേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ഈ നീക്കം അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിൽ വലിയ തോതിലുള്ള സ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇറാൻകാരുമായി ഞങ്ങൾ സംസാരിക്കുകയാണ്. ഹോർമുസ് തുറക്കുന്നത് സംബന്ധിച്ച് ഇന്നോ നാളെയോ കരാറിൽ ഒപ്പിടാനാകുമെന്നാണ് കരുതുന്നത്’ എന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്കിൽ അകത്തേക്കുള്ള പാതയിൽ ഇറാനു പൂർണ്ണമായ അധികാരവും പുറത്തേക്കുള്ള പാതയിൽ ഒമാനു ഭാഗിക നിയന്ത്രണവും നൽകുന്ന വ്യവസ്ഥകളിൽ ഇറാൻ–ഒമാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബാഘയി അറിയിച്ചു. ഒമാനുമായുള്ള ഈ ധാരണ യാഥാർത്ഥ്യമായാൽ കടലിടുക്ക് തുറന്നു നൽകാൻ തയ്യാറാണെന്ന നിലപാടിലാണ് ടെഹ്റാൻ ഭരണകൂടം.
കടലിടുക്കിന്മേൽ തുല്യമായ നിയന്ത്രണം വേണമെന്ന ഒമാന്റെ മുൻപാത്രങ്ങൾ ഇറാൻ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഖത്തറും പാകിസ്ഥാനും മധ്യസ്ഥതയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയെ പാകിസ്ഥാൻ ഇസ്ലാമാബാദിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാനാണ് തങ്ങൾ താൽപ്പര്യപ്പെടുന്നതെന്നും, മറിച്ച് യുദ്ധം മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.
ഇതിനിടയിൽ, ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തുണ്ടായ മിസൈൽ ആക്രമണത്തിൽ ലൈബീരിയൻ പതാകയേന്തിയ ‘മിനൻ പയനിയർ’ എന്ന ചരക്കുകപ്പലിന് തീപിടിക്കുകയും ഒരു എൻജിനീയറെ കാണാതാവുകയും ചെയ്തു. കപ്പലിന്റെ എൻജിൻ റൂമിൽ വൻതോതിൽ തീപിടിത്തമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചു.
കൂടാതെ, യെമനിലെ ഹൂതി വിഭാഗം സൗദി അറേബ്യയിലെ നജ്റാൻ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയെങ്കിലും വലിയ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി അറേബ്യയുടെ പ്രധാന എണ്ണക്കമ്പനിയായ അരാംകോ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

