ടെഹ്റാൻ: മധ്യപൂർവേഷ്യൻ മേഖലയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, അന്താരാഷ്ട്ര തലത്തിൽ നയതന്ത്രപരമായ ആരോപണ-പ്രത്യാരോപണങ്ങൾ ശക്തമാകുന്നു. ഇറാനുമായുള്ള നിലവിലെ സംഘർഷാവസ്ഥയിൽ നിന്ന് തലയൂരാൻ അമേരിക്ക ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് ഇറാൻ ആരോപിച്ചു.
അയൽരാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും, അതിന്റെ ഉത്തരവാദിത്തം ഇറാന്റെ മേൽ കെട്ടിവെക്കാനുമാണ് അമേരിക്കൻ നീക്കമെന്നും ഇറാനിലെ ഐആർഐബി (IRIB) മാധ്യമം റിപ്പോർട്ട് ചെയ്തു. യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) പിന്നാലെ സൗദി അറേബ്യക്ക് നേരെയും ഇന്ന് ആക്രമണം ഉണ്ടായി.
സൗദിയെ ലക്ഷ്യമാക്കി വന്ന മൂന്ന് ഡ്രോണുകൾ അധികൃതർ തകർത്തു. ഇറാഖ് വ്യോമാതിർത്തിയിൽ നിന്നാണ് ഈ ആക്രമണം ഉണ്ടായതെന്നാണ് ലഭ്യമായ പ്രാഥമിക വിവരങ്ങൾ.
അതേസമയം, യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണം കടുത്ത പ്രകോപനമാണെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി. “യാതൊരു പ്രകോപനവുമില്ലാതെ രാജ്യം നേരിട്ട
ഈ ഭീകരാക്രമണം യുഎഇയുടെ സുരക്ഷയ്ക്ക് മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണ്. ഇത്തരത്തിലുള്ള അക്രമണങ്ങൾ ഒരു കാരണവശാലും ക്ഷമിക്കില്ലെന്നും” ഔദ്യോഗിക പ്രസ്താവനയിലൂടെ യുഎഇ വ്യക്തമാക്കി.
ആക്രമണത്തെ കുവൈത്തും ഖത്തറും ശക്തമായ ഭാഷയിൽ അപലപിക്കുകയും യുഎഇക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. മേഖലയിലെ പ്രതിസന്ധികൾക്കിടെ, സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തർ പ്രധാനമന്ത്രി ഇറാനുമായി നേരിട്ട് ചർച്ച നടത്തി.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനെ മുൻനിർത്തി ഇരുരാജ്യങ്ങളും പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുപുറമെ, പാകിസ്ഥാനുമായും ഖത്തർ ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടുണ്ട്.
ബറക ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണവും സൗദിക്ക് നേരെയുള്ള ഡ്രോൺ നീക്കങ്ങളും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

