കോഴിക്കോട് ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്ത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ചെറുവണ്ണൂർ കക്കറമുക്ക് ഭാഗത്തായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.
ചെറുവണ്ണൂർ പുത്തൻ ചാലിൽ രജിൻ ലാലിന്റെ ഭാര്യയും ഏഴുമാസം ഗർഭിണിയുമായ സോനയാണ് അപകടത്തിൽ വെന്തുമരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിക്കുന്ന സോനയുടെ ബന്ധുക്കൾ, വിശദമായ അന്വേഷണം വേണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.
മരിച്ച സോനയും ഭർത്താവ് രജിൻലാലും തമ്മിൽ നേരത്തെ തന്നെ കടുത്ത പ്രശ്നങ്ങളുണ്ടായിരുന്നെന്നും, ഇതൊരു സാധാരണ അപകടമല്ലെന്നും ബന്ധുക്കൾ വെളിപ്പെടുത്തുന്നു. രജിൻ ലാൽ സോനയുടെ വീട്ടുകാരുമായി കാര്യമായ അടുപ്പം പുലർത്തിയിരുന്നില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.
ആശുപത്രി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദമ്പതികൾ സഞ്ചരിച്ചിരുന്ന 2016 മോഡൽ പെട്രോൾ കാറിൽ തീപിടുത്തമുണ്ടായത്. കാറിന്റെ പിൻവശത്ത് സോന ഇരുന്ന ഭാഗത്ത് നിന്നാണ് തീ ഉയർന്നതെന്നും, തുടർന്ന് പൊട്ടിത്തെറി ഉണ്ടായതും ദുരൂഹമാണെന്നാണ് കുടുംബത്തിന്റെ വാദം.
തീ മുൻവശത്തേക്ക് കാര്യമായി പടർന്നിട്ടില്ല എന്നതും സംശയത്തിനിടയാക്കുന്നു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സോനയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിഭാഗവും സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
പെട്രോൾ ടാങ്കിലെ ചോർച്ചയോ മറ്റ് സാങ്കേതിക തകരാറുകളോ ആകാം അപകടകാരണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക നിഗമനം. കത്തിയ കാറിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

