ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ താൽപ്പര്യപ്രകാരം തലമുടി വളർത്തുന്നതിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ വ്യക്തമാക്കി. മുഖത്തോ കണ്ണുകളോ മറയാത്ത രീതിയിലും, സുരക്ഷിതമായും വൃത്തിയായും മുടി സംരക്ഷിക്കേണ്ടത് കുട്ടികളുടെ തന്നെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
കായിക മത്സരങ്ങൾ, ലബോറട്ടറി പ്രവർത്തനങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി മുടി കെട്ടിവെക്കാനോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കിവെക്കാനോ ശ്രദ്ധിക്കണം. ആരോഗ്യത്തിന് ഹാനികരമായ കെമിക്കൽ വസ്തുക്കളോ കൃത്രിമ കളറുകളോ മുടിയിൽ ഉപയോഗിക്കുന്നത് ഗുണകരമല്ലെന്നും ഉത്തരവിലുണ്ട്.
ലിംഗനിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് സ്വന്തം താൽപ്പര്യപ്രകാരം വസ്ത്രധാരണ രീതിയും മുടി പരിപാലനവും തിരഞ്ഞെടുക്കാൻ പൂർണ്ണ അവകാശമുണ്ടായിരിക്കും. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട
മറ്റ് കാര്യങ്ങളുടെയോ പേരിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ആൺകുട്ടികൾക്കും ട്രാൻസ്ജെൻഡർ കുട്ടികൾക്കും എതിരെയുള്ള മാനസിക ബുദ്ധിമുട്ടുകളോ വിവേചനപരമായ പെരുമാറ്റങ്ങളോ ഉണ്ടാകാൻ പാടില്ല. കുട്ടികളെ ക്ലാസിൽ നിന്ന് മാറ്റിനിർത്തുകയോ മറ്റ് ശിക്ഷാ നടപടികൾക്ക് വിധേയമാക്കുകയോ ചെയ്യരുതെന്ന് കമ്മീഷൻ അംഗം പി ഷാജേഷ് ഭാസ്കർ പുറത്തിറക്കിയ ഉത്തരവിൽ കർശനമായി നിർദ്ദേശിച്ചു.
ഈ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പോ സിബിഎസ്ഇയോ ഇതുവരെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ആയതിനാൽ അടിയന്തരമായി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കേണ്ടതാണ്.
ഈ സമിതിയിൽ ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും കൂടി ഉൾപ്പെടുത്തി, അവരുടെ അഭിപ്രായങ്ങൾ കൂടി കേട്ടശേഷമായിരിക്കണം വിദ്യാലയങ്ങൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ടത്. വിദ്യാർത്ഥികളുടെ ബാഹ്യരൂപത്തേക്കാൾ ഉപരിയായി അവരുടെ വ്യക്തിത്വവികാസത്തിനും പഠന പുരോഗതിക്കുമാണ് സ്കൂൾ അധികൃതർ പ്രാധാന്യം നൽകേണ്ടതെന്ന് കമ്മീഷൻ ഓർമ്മിപ്പിച്ചു.
കമ്മീഷന്റെ ശുപാർശയിൽ എതിർകക്ഷികൾ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദമായ റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കേണ്ടതാണ്. രാമനാട്ടുകര സ്വദേശിയായ ഇന്ദു മേനോൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ്.
കേരളത്തിലെ വിദ്യാലയങ്ങൾ ജെൻഡർ ന്യൂട്രൽ ആണെന്ന് അവകാശപ്പെടുമ്പോഴും ആൺകുട്ടികളോടും ലിംഗനിർണയം നടത്താത്ത കുട്ടികളോടും വിവേചനം കാണിക്കുന്നുവെന്നും, മുടി നീട്ടി വളർത്തുന്ന ആൺകുട്ടികളെ കുറ്റവാളികളെ പോലെയാണ് സ്കൂൾ അധികൃതർ കാണുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനുപുറമെ, പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയോട് മുടി വെട്ടാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കുന്നില്ലെന്നും, ഇത്തരം സാഹചര്യങ്ങളിൽ എന്തുതീരുമാനം എടുക്കണമെന്ന മാർഗ്ഗനിർദ്ദേശം ആവശ്യമാണെന്ന് കാണിച്ച് കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലും ഹർജി സമർപ്പിച്ചിരുന്നു.
ഈ രണ്ട് ഹർജികളും ഒരേസമയം പരിഗണിച്ചാണ് കമ്മീഷൻ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

