ബെംഗളൂരു ജെപി നഗറിൽ ജനങ്ങൾ നോക്കിനിൽക്കെ യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച് ആസിഡ് ഒഴിച്ചു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കൊൽക്കത്ത സ്വദേശിനിയും നഴ്സുമായ മധുമിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലപാതകശ്രമവുമായി ബന്ധപ്പെട്ട് തമിഴ്നാട് മധുരൈ സ്വദേശിയായ വെങ്കടേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജെപി നഗർ തേർഡ് ഫേസിലെ നാരായണ ക്ലിനിക്കിലെ നഴ്സാണ് ആക്രമണത്തിനിരയായ മധുമിത.
പ്രഭാതഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതി തന്നെ പിന്തുടരുന്നത് മനസ്സിലാക്കിയ യുവതി ക്ലിനിക്കിന്റെ പാർക്കിംഗ് ഏരിയയിലേക്ക് ജീവനുംകൊണ്ട് ഓടിക്കയറുകയായിരുന്നു.
എന്നാൽ കത്തിയും ആസിഡുമായി പിറകെ പാഞ്ഞെത്തിയ വെങ്കടേഷ്, യുവതിയെ തള്ളിയിട്ട് ദേഹത്ത് ആസിഡ് ഒഴിക്കുകയും തുടർന്ന് മാരകമായി വെട്ടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണം തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെയും പ്രതി തിരിഞ്ഞു.
ഇതിനിടയിൽ നിലവിളി കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിയെ ഓടിച്ചിട്ട് പിടികൂടിയത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് ഇയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുകയായിരുന്നു.
കൊൽക്കത്ത സ്വദേശിനിയായ മധുമിതയും തമിഴ്നാട് മധുരൈ സ്വദേശിയായ വെങ്കടേഷ്ഉം തമ്മിൽ 2024-ലാണ് വിവാഹിതരായത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ ഒരു വർഷമായി ഇരുവരും വേർപിരിഞ്ഞു കഴിയുകയായിരുന്നു.
ഭാര്യയുടെ സ്വഭാവത്തിൽ സംശയമുള്ളയാളാണ് വെങ്കടേഷ് എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മുൻപ് ബെംഗളൂരുവിൽ ജോലിലുണ്ടായിരുന്ന ഇയാൾ, ദാമ്പത്യ തർക്കങ്ങളെ തുടർന്ന് പിണങ്ങി തമിഴ്നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

