പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പെരുന്തേനരുവിയിൽ എത്തുന്നവർക്ക് വലിയ ഭീഷണിയായി പാറപ്പുറങ്ങളിലെ കുഴികൾ മാറുന്നു.
അരുവിയുടെ മനോഹാരിത ആസ്വദിക്കാൻ മഴക്കാലത്ത് നിരവധി ആളുകൾ എത്താറുണ്ടെങ്കിലും, വേനൽ കടുക്കുമ്പോൾ വെള്ളം വറ്റുന്നത് പതിവാണ്. നിലവിൽ അരുവിയിൽ തീർത്തും വെള്ളമില്ലാത്ത സ്ഥിതിയാണുള്ളത്.
അതിനാൽ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവർ കടുത്ത നിരാശയോടെയാണ് മടങ്ങുന്നത്. അരുവിയ്ക്ക് ചുറ്റുമുള്ള പാറക്കൂട്ടങ്ങളിൽ രൂപപ്പെട്ടിരിക്കുന്ന വലിയ കുഴികളാണ് സഞ്ചാരികൾക്ക് മരണക്കെണിയാകുന്നത്.
വെള്ളത്തിന്റെ കുത്തൊഴുക്കിൽ സ്വാഭാവികമായി രൂപപ്പെടുന്ന ഇവ വിവിധ രൂപത്തിലും ആഴത്തിലുമാണ് കാണപ്പെടുന്നത്. ഇവ മിക്കവയും നേരായ കുഴികളല്ല എന്നതും പ്രത്യേകതയാണ്.
പാറപ്പുറത്തു കൂടി വെള്ളമൊഴുകുമ്പോൾ ഈ കുഴികൾ പുറമേയ്ക്ക് കാണാൻ സാധിക്കില്ല. അറിയാതെ ഇവയിൽ കാലുകൾ അകപ്പെടുന്നവർക്ക് അപകടം ഉറപ്പാണ്.
അരുവിക്കുള്ളിൽ അതീവ ആഴത്തിലുള്ള ഇത്തരം കുഴികളുണ്ട്. മുൻകാലങ്ങളിൽ അരുവിയിൽ അപകടത്തിൽപ്പെടുന്നവർ രക്ഷപ്പെടാതെ പോകുന്നതിന്റെ പ്രധാന കാരണവും ഇതാണ്.
ഇത്തരം കുഴികളിൽ അകപ്പെട്ടാൽ ജീവൻ തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മാടത്തരുവി വെള്ളച്ചാട്ടത്തിനു മുകൾഭാഗത്തെ പാറക്കൂട്ടങ്ങളിലും സമാനമായ രീതിയിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
ഈ അപകടാവസ്ഥ അറിയാതെ ഇവിടെ കുളിക്കാനിറങ്ങുന്നവരും വലിയ ദുരന്തങ്ങളിൽ ചെന്നുപെടാറുണ്ട്. ഇതിന് ഉദാഹരണമായി, രണ്ടു വർഷം മുൻപ് രണ്ട് കുട്ടികൾ ഇവിടെ സമാനമായ കുഴികളിൽ അകപ്പെട്ട് ദാരുണമായി മരണപ്പെട്ടിരുന്നു.
പെരുന്തേനരുവിയിലും നിലവിലുള്ളത് സമാനമായ അപകടാവസ്ഥയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

