ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിർണായക മാറ്റവുമായി ഗൂഗിൾ രംഗത്ത്. പിക്സൽ ഫോണുകളിൽ ലോക്ക് സ്ക്രീനിൽ നിന്ന് നേരിട്ട് ക്വിക്ക് സെറ്റിങ്സ് പാനൽ ഉപയോഗിക്കാൻ സാധിച്ചിരുന്ന സുരക്ഷാ വീഴ്ചയ്ക്കാണ് പരിഹാരം കാണുന്നത്.
ഏറ്റവും പുതിയ ആൻഡ്രോയിഡ് കാനറി ബിൽഡിലാണ് ഈ പ്രധാന സുരക്ഷാ പ്രശ്നത്തിന് ഗൂഗിൾ പരിഹാരം ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് കാനറി ബിൽഡ് 2609-ൽ ഗ്ലോബൽ ക്വിക്ക് സെറ്റിങ്സ് ലോക്ക് ഫീച്ചറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ, ഫോൺ അൺലോക്ക് ചെയ്യാതെ ലോക്ക് സ്ക്രീനിൽ നിന്ന് വൈഫൈ, ബ്ലൂടൂത്ത്, മൊബൈൽ ഡാറ്റ തുടങ്ങിയ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ മാറ്റാൻ മറ്റുള്ളവർക്ക് സാധിക്കില്ല. ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുമ്പോൾ ട്രാക്ക് ചെയ്യുന്നത് തടയാൻ മോഷ്ടാക്കൾ വൈഫൈയോ ബ്ലൂടൂത്തോ ഓഫ് ചെയ്യാൻ സാധ്യതയുണ്ടെന്നുള്ള സുരക്ഷാ ആശങ്കയ്ക്കാണ് ഇതിലൂടെ വിരാമമാകുന്നത്.
പ്രത്യേകിച്ച്, ഓഫ്ലൈൻ ഡിവൈസുകൾ കണ്ടെത്താൻ ഗൂഗിളിന്റെ ഫൈൻഡ് ഹബ് ബ്ലൂടൂത്തിനെയാണ് ആശ്രയിക്കുന്നത് എന്നതിനാൽ ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്. മറ്റ് പ്രധാന ആൻഡ്രോയിഡ് ഫോണുകളിലെല്ലാം ലോക്ക് സ്ക്രീനിൽ ക്വിക്ക് സെറ്റിങ്സ് പാനൽ ലഭ്യമല്ലാതാക്കാനുള്ള സംവിധാനം നേരത്തെ തന്നെയുണ്ട്.
പിക്സൽ ഫോണുകളിൽ ഉപകരണം റീസ്റ്റാർട്ട് ചെയ്ത് ആദ്യമായി അൺലോക്ക് ചെയ്യുന്നതിന് മുൻപ് മാത്രമാണ് ക്വിക്ക് സെറ്റിങ്സ് ലഭ്യമല്ലാതിരുന്നത്. എന്നാൽ പുതിയ അപ്ഡേറ്റിൽ ഇതിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഗൂഗിൾ സ്വീകരിച്ചിരിക്കുന്നത്.
ഈ ഓപ്ഷൻ എനേബിൾ ചെയ്താലും ലോക്ക് സ്ക്രീനിൽ നിന്ന് ക്വിക്ക് സെറ്റിങ്സ് പാനൽ ആക്സസ് ചെയ്യാൻ സാധിക്കും. എങ്കിലും വൈഫൈ, ബ്ലൂടൂത്ത്, മൊബൈൽ ഡാറ്റ, എയർപ്ലെയിൻ മോഡ് എന്നിവ മാറ്റണമെങ്കിൽ ബയോമെട്രിക് അല്ലെങ്കിൽ പിൻ പരിശോധന നിർബന്ധമാണ്.
അതേസമയം ടോർച്ച് പോലുള്ള മറ്റ് ഓപ്ഷനുകൾ ഫോൺ അൺലോക്ക് ചെയ്യാതെ തന്നെ വേഗത്തിൽ പ്രവർത്തിപ്പിക്കാനും സാധിക്കും. പുതിയ ‘Require unlock for Quick Settings’ ഓപ്ഷൻ Settings > Security & privacy > Device unlock എന്ന ക്രമീകരണത്തിന് കീഴിലാണ് നൽകിയിരിക്കുന്നത്.
ഈ ഫീച്ചർ ഡിഫോൾട്ടായി ഓഫ് ചെയ്തിരിക്കുന്നതിനാൽ ഉപയോക്താക്കൾ ഇത് മാന്വലായി എനേബിൾ ചെയ്യേണ്ടതുണ്ട്. പിക്സൽ 6 മുതൽ അതിനുശേഷമുള്ള മോഡലുകൾക്കയാണ് ഏറ്റവും പുതിയ ആൻഡ്രോയിഡ് കാനറി 2609 (ബിൽഡ് ZP11.260821.010) ലഭ്യമാക്കിയിട്ടുള്ളത്.
എന്നാൽ ഇതിൽ രണ്ട് വ്യവസ്ഥകളുണ്ട്. പിക്സൽ 9എ ഒടിഎ (OTA) അപ്ഡേറ്റ് പിന്നീട് ലഭ്യമാകും.
അതേസമയം പിക്സൽ 11 സീരീസിലേക്ക് അടുത്ത കാനറി റിലീസിലായിരിക്കും പിന്തുണ ലഭിക്കുക. ഈ ക്വിക്ക് സെറ്റിങ്സ് സുരക്ഷാ മാറ്റം ആൻഡ്രോയിഡ് കാനറി ബിൽഡിന്റെ ഭാഗമായതിനാൽ, സ്ഥിരമായ ആൻഡ്രോയിഡ് റിലീസുകളിൽ ഇത് എപ്പോൾ ഉൾപ്പെടുത്തുമെന്നതിനെക്കുറിച്ചുള്ള കൃത്യമായ സമയപരിധി ലഭ്യമല്ല.
ഡെവലപ്പർമാർക്കും പുതിയ ഫീച്ചറുകൾ പരീക്ഷിക്കാൻ താൽപ്പര്യപ്പെടുന്നവർക്കും മാത്രമായാണ് കാനറി ബിൽഡുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ബീറ്റ ബിൽഡുകളെ അപേക്ഷിച്ച് ഇവയിൽ കൂടുതൽ അസ്ഥിരത ഉണ്ടാകാൻ സാധ്യതയുണ്ട്.
അതിനാൽ പ്രധാന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡിവൈസുകളിൽ ഇത് ഇൻസ്റ്റാൾ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

