വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡിന്റെ അഭിവാജ്യ ഘടകമാണെന്നും അത് തുടരുമെന്നും, സാബി അലോൻസോ കഴിഞ്ഞ ജനുവരിയില്‍ റയലിന്റെ മാനേജറായിരിക്കെ പ്രതികരിച്ചിരുന്നു. ലാലിഗയില്‍ റയല്‍ ബെറ്റിസിനെതിരായ മത്സരത്തിനിടയില്‍ വിനീഷ്യസിനെതിരെ ഒരുകൂട്ടം റയല്‍ ആരാധകര്‍ കൂവിയാർത്ത പശ്ചാത്തലത്തിലായിരുന്നു ഈ പ്രതികരണം.
എന്നാല്‍ സാബി അലോൻസോ പറഞ്ഞതുപോലെ ബെര്‍ണബ്യൂ വിനിക്കായി കയ്യടിച്ചോയെന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് മറുപടി. സാബി അലോൻസോ പടിയിറങ്ങി, ശേഷം ആല്‍വാരോ ആര്‍ബലോവ വന്നു, മടങ്ങി.
ഒടുവില്‍ ‘ദ സ്പെഷ്യല്‍ വണ്‍’ എന്ന് അറിയപ്പെടുന്ന ഹോസെ മൗറിഞ്ഞ്യോ ചുമതലയേറ്റു. എല്ചീക്കെതിരായ ലീഗ് മത്സരത്തിലും വിനിക്ക് നേരെ വിസിലുകള്‍ മുഴങ്ങി.
സീസൺ ആരംഭിച്ചത് മുതല്‍ ലോസ് ബ്ലാങ്കോസ് ആരാധകർ ബ്രസീലിയൻ താരത്തെ വെറുതെവിട്ടിട്ടില്ല. സാബി അന്ന് സ്വീകരിച്ച നിലപാട് ഇന്ന് മൗറിഞ്ഞ്യോയ്ക്ക് ആവര്‍ത്തിക്കേണ്ടി വന്നു.
കായ്ക്കുന്ന മരത്തിലെ ആളുകള്‍ കല്ലെറിയുവെന്ന പഴഞ്ചൊല്ലുമായാണ് മൗറിഞ്ഞ്യോ വിനിയെ പ്രതിരോധിക്കാൻ രംഗത്തെത്തിയത്. റയലിനായി താരം ചെയ്തതൊക്കെയും അദ്ദേഹം ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.
ക്ലബ്ബ് ഇതിഹാസമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് എതിരേയും, ക്ലബ്ബിന്റെ ടോപ് പ്ലയറായ കിലിയൻ എംബാപെക്കെതിരേയും ബെര്‍ണബ്യൂവിന്റെ കോണുകളില്‍ നിന്ന് വിസിലുകള്‍ മുഴങ്ങിയിട്ടുണ്ട്. പക്ഷേ, വിനിയുടെ കാര്യത്തില്‍ മാത്രം ഈ പ്രതിഷേധങ്ങള്‍ അവസാനിക്കാതെ തുടരുകയാണ്.
382 മത്സരങ്ങളില്‍ നിന്ന് 129 ഗോളും 102 അസിസ്റ്റും നേടിയ താരം, ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കര്‍മാരുടെ പട്ടികയിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. ഗലാക്റ്റിക്കോകളാല് സമ്പന്നമായ ഒരു ക്ലബ്ബിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുക എന്നത് എളുപ്പമല്ല.
ക്രിസ്റ്റ്യാനൊയുടെ പടിയിറക്കത്തിന് ശേഷം ഒരു സൂപ്പര്‍ സ്റ്റാറിനായുള്ള ദാഹത്തിലായിരുന്നു ബെര്‍ണബ്യു. അവിടെ ബ്രസീലിയൻ ഫുട്ബോളിന്റെ എല്ലാ ചേരുവകകളുമായാണ് വിനീഷ്യസ് എത്തിയത്.
എന്നാല്‍ വിനി സൃഷ്ടിക്കുന്ന മുന്നേറ്റങ്ങള്‍ ഗോളില്‍ മാത്രം കലാശിക്കാതെപോയ കാലമുണ്ടായിരുന്നു. പ്രത്യേകിച്ചും 2020-21 സീസണില്‍ ഇരുപതോളം മത്സരങ്ങള്‍ സ്കോര്‍ഷീറ്റില്‍ ഇടം പിടിക്കാതെ വിനി തുടര്‍ന്നു.
റയലിന്റെ ജഴ്സിയില്‍ ഒരു മുന്നേറ്റ നിര താരത്തിന്റെ കരിയര്‍ ഇത്രത്തോളം ഗോള്‍ ദാരിദ്യത്തിലേക്ക് എത്തുന്നത് അപൂര്‍വമാണ്. പരിശീലകരുമായുള്ള ഭിന്നതകളാണ് കാരണമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ എഴുതിത്തുടങ്ങിയെങ്കിലും മാഡ്രിഡ് ആരാധകരില്‍ നിന്നുണ്ടായ പരിഹാസങ്ങളാണ് താരത്തെ സമ്മര്‍ദത്തിലാക്കിയത്.
എന്നാല്‍ കാര്‍ലൊ ആഞ്ചലോട്ടിയുടെ വരവോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഡ്രിബിളുകള്‍ ഗോളുകളായി പരിണമിച്ചുതുടങ്ങിയ താരം, 2022 ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരെയും ഗോള്‍ നേടി.
ഈ ഘട്ടത്തിലാണ് സ്പാനിഷ് മൈതാനങ്ങളില്‍ നിന്ന് വംശീയ അധിക്ഷേപങ്ങള്‍ താരത്തിന് നേരിടേണ്ടിവന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ വിനിയുടെ ദൃശ്യങ്ങള്‍ ഫുട്ബോളിലെ തന്നെ വിഷമകരമായ അധ്യായങ്ങളിലൊന്നാണ്.
തുടര്‍ന്ന് ക്ലബ്ബിന്റേയും ആരാധകരുടേയും പൂര്‍ണ പിന്തുണ വിനിക്ക് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായകരമായി. 2023-24 സീസണില്‍ 24 ഗോളുകളും 11 അസിസ്റ്റും നേടിയ താരം, ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെയും ഗോള്‍ വലകുലുക്കി.
എന്നാല്‍ ആ വര്‍ഷം ബലോണ്‍ ഡി ഓര് നഷ്ടമായത് താരത്തെ ബാധിച്ചതുപോലെയായിരുന്നു പിന്നീടുള്ള പ്രകടനങ്ങള്‍. വീണ്ടും ഗോള്‍ വരള്‍ച്ചയിലേക്ക് കാര്യങ്ങളെത്തി.
സീസണില്‍ 58 മത്സരങ്ങളില്‍ നിന്ന് 22 ഗോളും 19 അസിസ്റ്റുമാണ് താരം നേടിയത്. 41 ഗോള്‍ കോണ്ട്രിബ്യൂഷൻ ചെറിയ സ്റ്റാറ്റസല്ലെങ്കിലും റയല്‍ ആരാധകരെ സംബന്ധിച്ച് അത് തികഞ്ഞതായിരുന്നില്ല.
ചാമ്പ്യൻസ് ലീഗ് നോക്കൗട്ടില്‍ ഒരു ഗോള മാത്രമാണ് സൂപ്പര്‍ താരത്തിന്റെ പേരിലുണ്ടായിരുന്നത്. സാബി അലോൻസോയുമായുള്ള ഭിന്നതകളാണ് ആരാധകരെ വിനിയില്‍ നിന്ന് ഏറെക്കുറെ പൂര്‍ണമായി അകറ്റിയത്.
റയല്‍ മാഡ്രിഡിന്റെ ഇതിഹാസങ്ങളില്‍ ഒരാളായ സാബിക്ക് ക്ലബ്ബിനോടുള്ള പാഷൻ എടുത്ത് പറയേണ്ടതില്ല. അതുകൊണ്ട് വിനിക്ക് മുകളില്‍ തന്നെയായിരുന്നു റയല്‍ ആരാധകര്‍ക്ക് സാബി സ്ഥാനം നല്‍കിയിരുന്നത്.
എല്‍ ക്ലാസിക്കോയില്‍ സബ്ബ് ചെയ്തതിന് സാബിയോട് വിനി കയര്‍ത്ത സംഭവവും ആരാധകര്‍ മറക്കാനിടയില്ല. സാബിയുടെ സിസ്റ്റം എംബാപെ കേന്ദ്രീകൃതമായിരുന്നുവെന്നതും വിനിയെ അസ്വസ്ഥനാക്കിയ ഘടകമായി വിലയിരുത്തപ്പെടുന്നു.
സാബിക്ക് കീഴില്‍ ഏഴ് ഗോളുകള്‍ മാത്രമാണ് വിനി സ്കോര്‍ ചെയ്തത്. സാബിയുടെ പടിയിറക്കത്തിന് പിന്നാലെയുള്ള റയലിന്റെ ആദ്യ മത്സരത്തില്‍ വിനിയുടെ കാലുകളിലേക്ക് പന്തെത്തിയപ്പൊഴെല്ലാം ബെര്‍ണബ്യു കൂകിയാര്ക്കുകയാണുണ്ടായത്.
മാഡ്രിഡ് ആരാധകര്‍ക്ക് സാബിയിലുണ്ടായിരുന്ന അടിയുറച്ച വിശ്വാസമായിരുന്നു ഇതിന് കാരണം. സാബി ക്ലബ്ബ് വിടാനുള്ള കാരണമായി ഒരുവിഭാഗം ഇന്നും വിനിയെയാണ് കാണുന്നത്.
തുടർന്നുള്ള മത്സരങ്ങളിലും വിനിക്കെതിരെ സ്റ്റേഡിയത്തില്‍ നിന്ന് ശബ്ദമുയര്‍ന്നിട്ടുണ്ട്. കരാര്‍ ചര്‍ച്ചകളിലെ കാലതാമസങ്ങളും ആരാധകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് വിനിക്ക് നേടാനായിട്ടുള്ളത്. ആരാധകരെ തിരികെപ്പിടിക്കണമെങ്കില്‍ വിനിയുടെ ബൂട്ടുകള്‍ മികവിലേക്ക് ഉയരേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

