ടാറ്റാ ഗ്രൂപ്പിന്റെ കപ്പൽ നിർമാണ സംരംഭവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി.
സതീശനെതിരെ രൂക്ഷ വിമർശനവുമായി മുൻ വ്യവസായ മന്ത്രി പി. രാജീവ് രംഗത്ത്.
മുഖ്യമന്ത്രി സതീശൻ വിഷയത്തിൽ കുറച്ചെങ്കിലും സത്യസന്ധത കാണിക്കാൻ തയ്യാറാകണമെന്നും, ടാറ്റാ ഗ്രൂപ്പിനെപ്പോലൊരു പ്രമുഖ സ്ഥാപനത്തിന്, മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തെറ്റാണെന്ന് തിരുത്തി പറയേണ്ടി വന്ന സാഹചര്യം ഉണ്ടായത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘‘അല്പ്പം സത്യസന്ധത കാണിക്കേണ്ടേ? കഴിഞ്ഞ സർക്കാർ ഇങ്ങനെ തുടങ്ങിയിട്ടുണ്ട്, അത് ഞങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകും, ഞങ്ങളും അവരും നമ്മളും ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോയി നമുക്ക് ഈ പദ്ധതി യാഥാർഥ്യമാക്കണം എന്നല്ലേ ഒരു മുഖ്യമന്ത്രി പറയേണ്ടത്? അതിനുപകരം എട്ടുകാലി മമ്മൂഞ്ഞായിട്ട് മാറേണ്ടതുണ്ടോ?’’ എന്ന് പി. രാജീവ് ചോദിച്ചു.
കപ്പൽ നിർമാണ മേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റാ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന വാദത്തിൽ സർക്കാർ പിന്നീട് വിശദീകരണം നൽകിയിരുന്നു. ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയാണ് 10,000 കോടി രൂപയെന്നും, ഏതെങ്കിലും ഒരു കമ്പനിയുമായി ഇത്തരമൊരു കരാർ ഒപ്പുവെച്ചിട്ടില്ലെന്നുമാണ് സർക്കാർ പിന്നീട് വ്യക്തമാക്കിയത്.
താൻ വ്യവസായ മന്ത്രിയായിരിക്കെ ടാറ്റാ ചെയർമാൻ എൻ. ചന്ദ്രശേഖരനുമായി നേരിട്ട് ചർച്ച നടത്തി ഈ പദ്ധതിക്കായി മുൻകൈ എടുത്തിരുന്നുവെന്ന് പി.
രാജീവ് ഓർമ്മിപ്പിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഫെബ്രുവരിയിൽ തന്നെ ഈ പദ്ധതിക്കുള്ള നടപടികൾ ആരംഭിച്ചിരുന്നു.
എന്നാൽ, പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾ സംസ്ഥാനത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു. ‘‘മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞത് ടാറ്റ ഗ്രൂപ്പ് കേരളത്തിൽ കപ്പൽ നിർമാണ നിക്ഷേപത്തിന് താല്പര്യം പ്രകടിപ്പിച്ചതായും അതിനായി സർക്കാർ ഭൂമി നൽകാൻ പോകുകയാണെന്നുമാണ്.
കൂടാതെ, മൊത്തം നിക്ഷേപം 10,000 കോടി രൂപയാണെന്നും അദ്ദേഹം ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ ഈ പ്രസ്താവന പിന്നീട് തിരുത്തേണ്ടി വന്നത് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ക്രെഡിബിലിറ്റിയെ മാത്രമല്ല, മറിച്ച് കേരളത്തിന്റെ ആകെ വിശ്വാസ്യതയെയാണ് ആഗോളതലത്തിൽ തകർത്തത്’’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനാവശ്യമായ അവകാശവാദങ്ങളിലൂടെ നിക്ഷേപകരെ അതൃപ്തിയിലാക്കുന്ന രീതിയിലുള്ള സമീപനങ്ങൾ ഒഴിവാക്കണമെന്നും പി. രാജീവ് മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

