ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ അടിത്തറ പാകുന്നതിൽ കെഎസ്യു നൽകിയ സംഭാവനകൾ വലുതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ സൗഹൃദങ്ങളെയും പോരാട്ടവീര്യത്തെയും അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കെഎസ്യു, യൂത്ത് കോൺഗ്രസ് കാലഘട്ടങ്ങളിൽ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരായ പ്രഫുല്ലചന്ദ്രൻ, മാരായമുട്ടം സുരേഷ് എന്നിവരുടെ വിയോഗത്തിൽ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രഫുല്ലചന്ദ്രന്റെ സ്മരണകൾ
1989-ലെ പാഠപുസ്തക സമരവുമായി ബന്ധപ്പെട്ട
ഓർമ്മകൾ കെ.സി. വേണുഗോപാൽ പങ്കുവെച്ചു.
“1989ൽ നടന്ന പാഠപുസ്തക സമരം കെഎസ് യു എന്ന വിദ്യാർഥി സംഘടനയുടെ വളർച്ചയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടായിരുന്നു. അന്ന് സെക്രട്ടറിയേറ്റ് മാർച്ചിനിടെ അറസ്റ്റ് ചെയ്ത ഞാനടക്കമുള്ള പ്രവർത്തകരെ നന്ദാവനം എആർ ക്യാമ്പിലെ അതിക്രൂര മർദനത്തിന് പൊലീസ് വിധേയമാക്കുമ്പോൾ, ഒപ്പം പ്രഫുലചന്ദ്രനുമുണ്ടായിരുന്നു.” ആദ്യകാലത്ത് എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് കെഎസ്യുവിന്റെ ഭാഗമായ പ്രഫുല്ലചന്ദ്രൻ, പിൽക്കാലത്ത് സേവാദളിലൂടെയാണ് സജീവ രാഷ്ട്രീയത്തിൽ ഉയർന്നുവന്നത്.
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ വഹിച്ച അദ്ദേഹം, പെരിങ്ങമല പ്രദേശത്ത് പാർട്ടിയുടെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. മർദ്ദനമേറ്റപ്പോഴും സഹപ്രവർത്തകരെ ആശുപത്രിയിലെത്തിക്കാൻ പ്രഫുല്ലചന്ദ്രൻ കാണിച്ച ആർജ്ജവം ഇന്നും വിസ്മരിക്കാനാവില്ലെന്ന് വേണുഗോപാൽ അനുസ്മരിച്ചു.
“കെഎസ്യുവാണ് എന്നെയും പ്രഫുലചന്ദ്രനെയും ഒന്നിപ്പിച്ചത്, ഞങ്ങളെയെല്ലാം ഒന്നിച്ചുചേർത്തത്. ഇന്ന് ഇക്കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും കെഎസ്യുവിന്റെ പോരാട്ടവീര്യം തന്നെ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാരായമുട്ടം സുരേഷിന് വിട
ഇതോടൊപ്പം അന്തരിച്ച മാരായമുട്ടം സുരേഷിനെയും അദ്ദേഹം അനുസ്മരിച്ചു. കെഎസ്യു, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച നേതാവായിരുന്നു സുരേഷ്.
“സെക്രട്ടറിയേറ്റിന് മുന്നിലും തലസ്ഥാനത്തെ നഗരവീഥികളിലും നിരവധി സമരമുഖങ്ങളിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു. ഒരു പ്രതിസന്ധിയിലും പതറാത്ത പോരാളിയായിരുന്നു സുരേഷ്.
സഹപ്രവർത്തകരോടും പ്രസ്ഥാനത്തോടും അചഞ്ചലമായ കൂറും പ്രതിബദ്ധതയും മരണം വരെയും പുലർത്തിയ സുരേഷിന്റെ വേർപാട് ഞങ്ങൾക്കെല്ലാം വലിയ നഷ്ടമാണ്” എന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

