വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്ന് തന്റെ വ്യക്തി ജീവിതം തകർത്തുവെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ യുവാവിന് അനുകൂലമായി കുടുംബക്കോടതിയുടെ നിർണ്ണായക വിധി. എറണാകുളം മരട് സ്വദേശിയായ യുവാവ് നൽകിയ ഹർജിയിലാണ് നടപടി.
പരാതിക്കാരന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും ചേർന്ന് നൽകണമെന്ന് പത്തനംതിട്ട കുടുംബക്കോടതി ഉത്തരവിട്ടു.
ജഡ്ജി ഡോണി തോമസ് വർഗീസ് ആണ് കേസിൽ വിധി പ്രസ്താവിച്ചത്. വിവാഹസമയത്ത് വരന്റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണാഭരണമോ അല്ലെങ്കിൽ അവയുടെ നിലവിലെ വിപണി മൂല്യമോ 6% പലിശ സഹിതം തിരികെ നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹശേഷം യുവതി മറ്റൊരാളുമായി ബന്ധം തുടർന്നു വരികയായിരുന്നുവെന്നും, വിവാഹത്തിനു മുൻപും ശേഷവും യുവതി ഗർഭഛിദ്രത്തിനു വിധേയയായെന്നും ബോധ്യപ്പെട്ടതായി ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കി.
വഞ്ചന, മാനസിക പീഡനം, കുടുംബത്തിന്റെ അന്തസ്സ് കെടുത്തൽ എന്നീ കുറ്റങ്ങൾ പരിഗണിച്ചാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത്. 2018 ജൂലൈ മാസം മുതൽ 6% പലിശയും ഇതിനൊപ്പം നൽകണം.
യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരെയും ഈ നഷ്ടപരിഹാര തുക നൽകുന്നതിൽ ബാധ്യതപ്പെടുത്തിയിട്ടുണ്ട്. വിവാഹബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന മൂന്നാം കക്ഷിക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിർണ്ണായക തീരുമാനം.
ഹർജിക്കാരന്റെ ദാമ്പത്യ ജീവിതം തകർക്കുന്നതിൽ യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരുടെ പങ്കും ഗൂഢാലോചനയും വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ ലിസി ടി.സ്കറിയ, സന്തോഷ് ജോസ് പ്രസാദ് എന്നിവർ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

