കുട്ടിക്കാലത്ത് പിതാവ് പറഞ്ഞുകേട്ട അദ്ഭുതവിമാനങ്ങളുടെ കഥകൾ യാഥാർഥ്യമാക്കിയാണ് അരുൺ ഗോപ് എന്ന നെടുംകുന്നം സ്വദേശി വ്യോമയാന മേഖലയിൽ ശ്രദ്ധേയനാകുന്നത്.
രാജ്യത്ത് ആംഫിബിയൻ വിമാനങ്ങൾ പറത്താൻ ലൈസൻസുള്ള അപൂർവ്വം പൈലറ്റുമാരിൽ ഒരാളാണ് മുപ്പത്തിമൂന്നുകാരനായ ഈ മലയാളി. ഉടൻ ആരംഭിക്കാൻ പോകുന്ന കൊച്ചി–ലക്ഷദ്വീപ് സീപ്ലെയ്ൻ സർവീസിലെ പ്രധാന പൈലറ്റായി അരുൺ ചുമതലയേൽക്കും.
വിദ്യാഭ്യാസവും പരിശീലനവും നെടുംകുന്നം ഗോകുലത്തിൽ ഗോപകുമാരൻ നായർ – പ്രീത ദമ്പതികളുടെ മകനാണ് അരുൺ. തെങ്ങണ ഗുഡ് ഷെപ്പേഡ് സ്കൂൾ, മല്ലപ്പള്ളി എംഡിഎസ് എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
ചങ്ങനാശേരി എസ്ബി കോളജിൽ ബിരുദ പഠനത്തിനിടെയാണ് പൈലറ്റ് പരിശീലനത്തിനായി അരുൺ യുഎസിലേക്ക് യാത്ര തിരിക്കുന്നത്. മയാമിയിലെ ഏവിയേഷൻ അക്കാദമിയിൽ നിന്ന് കമേഴ്സ്യൽ പൈലറ്റ് ലൈസൻസും സീപ്ലെയ്ൻ പറത്തുന്നതിനുള്ള പ്രത്യേക പരിശീലനവും അദ്ദേഹം പൂർത്തിയാക്കി.
പ്രചോദനമായ പിതാവിന്റെ വഴികൾ വ്യോമസേനയിൽ എൻജിനീയറായി സേവനമനുഷ്ഠിച്ച പിതാവ് ഗോപകുമാരൻ നായർ ആണ് അരുണിന്റെ സ്വപ്നങ്ങൾക്ക് ചിറകുവച്ചത്. ജൂനിയർ വാറന്റ് ഓഫിസറായി വിരമിച്ച ശേഷം മാലെയിലെ ട്രാൻസ് മാൽഡീവിയൻ എയർവേയ്സിൽ പ്രവർത്തിച്ചിരുന്ന കാലത്ത് പിതാവ് അരുണിന് സീപ്ലെയ്നുകളെക്കുറിച്ച് പകർന്നു നൽകിയ അറിവുകൾ വലിയ സ്വാധീനമാണ് ചെലുത്തിയത്.
ഔദ്യോഗിക ജീവിതം ഏകദേശം 6500 മണിക്കൂർ സീപ്ലെയ്ൻ പറത്തിയ പ്രവൃത്തിപരിചയം അരുണിനുണ്ട്. അമേരിക്കയിലെ പരിശീലനത്തിന് ശേഷം സൗദി രാജകുമാരന്റെ സ്വകാര്യ സീപ്ലെയ്ൻ പൈലറ്റായും, തുടർന്ന് ഇന്തൊനീഷ്യയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഈ അനുഭവസമ്പത്തുമായാണ് കൊച്ചിയിലേക്കുള്ള ക്ഷണം അരുണിനെ തേടിയെത്തിയത്. കാഞ്ഞിരപ്പള്ളി ഹിന്ദുസ്ഥാൻ കോളജ് ഓഫ് ഫാർമസി വൈസ് ചെയർപഴ്സൻ കീർത്തി ഗോപ് സഹോദരിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

