ദേശീയ തലത്തിൽ വലിയ ചർച്ചയായി മാറിയ നീറ്റ് ചോദ്യച്ചോർച്ച വിവാദത്തിൽ പാർലമെന്റിൽ നാടകീയ രംഗങ്ങൾ. ന്യൂഡൽഹിയിൽ പാർലമെന്റ് കവാടത്തിന് മുന്നിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ശക്തമായ വാക്പോരും ഏറ്റുമുട്ടലുമാണുണ്ടായത്.
സംഭവസ്ഥലത്ത് നിലവിൽ കനത്ത സംഘർഷാവസ്ഥ തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികൾ ഇന്ന് ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
എന്നാൽ നീറ്റ് വിഷയത്തിൽ സമഗ്രമായ ചർച്ചയ്ക്ക് പ്രതിപക്ഷം തയാറാകണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും പാർലമെന്റിന് മുന്നിൽ നിലയുറപ്പിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ഇരുവിഭാഗവും നേർക്കുനേർ നിന്ന് ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കി.
പ്രമുഖ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം പ്രതിഷേധത്തിന് ചുക്കാൻ പിടിച്ചത്. പരസ്പരം രൂക്ഷമായ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്ന ഇരുപക്ഷത്തെയും നേതാക്കൾ കയ്യാങ്കളിയുടെ വക്കോളം എത്തുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങിയത്.
എംപിമാർ പരസ്പരം നേർക്കുനേർ പാഞ്ഞടുത്തതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. തുടർന്ന് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് നേതാക്കളെയും പ്രവർത്തകരെയും പിന്തിരിപ്പിച്ചത്.
നിലവിൽ ഇരുവിഭാഗങ്ങൾക്കുമിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർവലയം തീർത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. സഭയ്ക്കുള്ളിൽ പ്രതിപക്ഷം തീർത്ത കനത്ത ബഹളത്തെ തുടർന്ന് പാർലമെന്റ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു.
തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ സഭ പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

