ഇറാനിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി 300 ബില്യൺ ഡോളർ (ഏകദേശം 25 ലക്ഷം കോടി രൂപ) മൂല്യമുള്ള കൂറ്റൻ സ്വകാര്യ ഫണ്ട് സജ്ജമാക്കുന്നതായി റിപ്പോർട്ടുകൾ. കരാറുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഈ തുകയുടെ പകുതിയിലധികവും വിവിധ ആഗോള കമ്പനികൾ ഇതിനകം തന്നെ വാഗ്ദാനം ചെയ്തുകഴിഞ്ഞുവെന്നാണ് സൂചന. വരും വെള്ളിയാഴ്ച അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക കരാർ ഒപ്പുവെക്കാനിരിക്കെയാണ് ഇത്തരമൊരു സാമ്പത്തിക നീക്കം വാർത്തകളിൽ ഇടംപിടിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് സാമ്പത്തിക അടിത്തറയൊരുക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതൊരു സർക്കാർ ഗ്രാന്റോ യുദ്ധക്കെടുതികൾക്കുള്ള നഷ്ടപരിഹാരമോ അല്ല, മറിച്ച് തികച്ചും സ്വകാര്യമായ നിക്ഷേപ സംവിധാനമാണ്.
യുഎസ്, ഗൾഫ് രാജ്യങ്ങൾ, ഏഷ്യൻ രാജ്യങ്ങൾ, തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രമുഖ കമ്പനികൾ ഈ പദ്ധതിയിൽ സഹകരിക്കും. ഊർജ്ജം, ലോജിസ്റ്റിക്സ്, നിർമ്മാണ മേഖല, ഗതാഗതം എന്നീ പ്രധാന മേഖലകളിലായിരിക്കും നിക്ഷേപം കേന്ദ്രീകരിക്കുക.
ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, യുഎസ് എന്നീ രാജ്യങ്ങളിലെ വൻകിട കമ്പനികൾ ഇതിനകം തന്നെ തങ്ങളുടെ താല്പര്യം വ്യക്തമാക്കിയിട്ടുണ്ട്.
യുദ്ധത്തിൽ തകർന്ന മൊബാറകെ സ്റ്റീൽ കോംപ്ലക്സ്, വിവിധ റിഫൈനറികൾ, വിമാനത്താവളങ്ങൾ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ പുനരുദ്ധാരണത്തിനായി ക്രെഡിറ്റ് ലൈനുകൾ സ്ഥാപിക്കാനും വായ്പകൾ ലഭ്യമാക്കാനും പ്രാദേശിക രാജ്യങ്ങൾ മുൻകൈ എടുക്കും. പാക്കിസ്ഥാന്റെ മധ്യസ്ഥതയിലാണ് ഇത്രയും വലിയൊരു നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട
ചർച്ചകൾ വിജയകരമായി മുന്നോട്ടുപോയത്. വെള്ളിയാഴ്ച ഒപ്പുവെക്കുന്ന ധാരണാപത്രം വരും ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനുള്ള ഒരു പ്രാഥമിക ചട്ടക്കൂട് മാത്രമാണ്.
അന്തിമ കരാർ ഒപ്പുവെച്ചതിന് ശേഷം മാത്രമേ ഈ ഫണ്ട് ഔദ്യോഗികമായി പ്രവർത്തനക്ഷമമാകുകയുള്ളൂ. വരും 60 ദിവസത്തിനുള്ളിൽ ഫണ്ട് അഡ്മിനിസ്ട്രേറ്റർമാർ ഇറാനിയൻ അധികൃതരുമായും നിക്ഷേപകരുമായും ചേർന്ന് പദ്ധതികളുടെ വ്യക്തമായ രൂപരേഖ തയ്യാറാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

