കോഴിക്കോട് നഗരമധ്യത്തിൽ കെട്ടിടത്തിന് മുകളിൽ കഞ്ചാവ് ചെടി വളർത്തിയ നിലയിൽ കണ്ടെത്തി. ഓപറേഷന് തൂഫാന്റെ ഭാഗമായി നഗരത്തിൽ പോലീസ് നടത്തിവരുന്ന കർശന പരിശോധനയ്ക്കിടെയാണ് പാളയം ബസ് സ്റ്റാന്റിന് സമീപമുള്ള ജ്വല്ലറി ബസാർ ബിൽഡിംഗിന്റെ റൂഫ് ടോപ്പിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തത്.
ഏഴ് ശിഖിരങ്ങളോട് കൂടി ഒരു മീറ്ററിലധികം ഉയരത്തിൽ വളർന്നുനിൽക്കുന്ന നിലയിലാണ് ചെടി കണ്ടെത്തിയത്. പാളയം പുതിയ കോവിലകം മാരിയമ്മൻ കോവിലിന് മുൻവശത്തായി പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ പാത്രത്തിൽ നട്ടുനനച്ച് വളർത്തുകയായിരുന്നു.
സിറ്റി ഡാൻസാഫ് സംഘവും കസബ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. സംഭവത്തിൽ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കസബ പോലീസ് സബ് ഇൻസ്പെക്ടർ നിമിൻ കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
ഡാൻസാഫ് അംഗങ്ങളായ മനോജ് ഇടയേടത്ത്, അഖിലേഷ്, ലതീഷ്, അഭിജിത്ത്, അതുൽ, മുഹമ്മദ് മഷൂർ, ദിനിഷ്, സരൂൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. നഗരത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയുന്നതിനായി സിറ്റി പോലീസ് നേതൃത്വത്തിൽ വ്യാപകമായ പരിശോധനയാണ് തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

