പഞ്ചാബിലെ ഹോഷിയാർപൂരിൽ ആശുപത്രി സന്ദർശനത്തിന് ശേഷം ജയിലിലേക്ക് മടങ്ങുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി വെടിയേറ്റ് മരിച്ചു. വിചാരണ തടവുകാരനായ നസീബ് സിംഗാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ ദാരുണമായ സംഭവം പുറംലോകമറിയുന്നത്. സീനിയർ കോൺസ്റ്റബിൾ ജസ്ദീപ് സിംഗിന്റെ കസ്റ്റഡിയിലായിരുന്നു നസീബ് സിംഗ്.
ആശുപത്രിയിൽ നിന്നും തിരികെ ജയിലിലേക്ക് ഇ-റിക്ഷയിൽ യാത്ര ചെയ്യവേ, പ്രതി കോൺസ്റ്റബിളിനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പ്രതി രക്ഷപ്പെടാതിരിക്കാൻ ഇരുവരെയും ചങ്ങല കൊണ്ട് ബന്ധിപ്പിച്ചിരുന്നു.
എന്നാൽ, ഇ-റിക്ഷയ്ക്കുള്ളിൽ തുടങ്ങിയ സംഘർഷം പിന്നീട് തെരുവിലേക്ക് വ്യാപിച്ചു. സംഭവസമയത്ത് ഇ-റിക്ഷാ ഡ്രൈവർ സ്ഥലത്തുനിന്നും മാറിപ്പോകുന്നതും വീഡിയോയിൽ ദൃശ്യമാണ്.
ഇതിനിടെ, തന്നെ ആക്രമിക്കുകയും സർവീസ് റിവോൾവർ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതിക്കെതിരെ സ്വയം രക്ഷാർത്ഥം വെടിയുതിർക്കുകയായിരുന്നുവെന്ന് കോൺസ്റ്റബിൾ ജസ്ദീപ് സിംഗ് മൊഴി നൽകി. വെടിയേറ്റ നസീബ് സിംഗ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
സംഘർഷത്തിൽ ആസ്ത്മ രോഗിയായ സീനിയർ കോൺസ്റ്റബിൾ ജസ്ദീപ് സിംഗിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലപാതകം, കൊലപാതകശ്രമം, എൻഡിപിഎസ് ആക്ട് തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മരിച്ച നസീബ് സിംഗ് എന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
തടവുകാരെ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട സുരക്ഷാ നടപടിക്രമങ്ങൾ (SOP) കൃത്യമായി പാലിച്ചിരുന്നോ എന്ന് അധികൃതർ പരിശോധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

