ഗുജറാത്തിൽ മന്ത്രിയായി ഇരുന്ന കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ പരിചയപ്പെട്ട സന്ദർഭം ഓർത്തെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.
2026 ലെ ‘ലോകമാന്യ തിലക് ദേശീയ പുരസ്കാരം’ ഡോവലിനു പുണെയിൽ വച്ച് സമ്മാനിച്ചുകൊണ്ടാണ് അമിത് ഷാ പ്രശംസയറിയിച്ചത്. ഇന്ത്യയുടെ സുരക്ഷ, വിദേശകാര്യം എന്നിവ സംബന്ധിച്ച നിർണായക തീരുമാനങ്ങളിൽ ഡോവൽ മികച്ച സംഭാവനകളാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2014 ൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചുമതലയേറ്റെടുത്തപ്പോൾ അദ്ദേഹം നടത്തിയ ആദ്യ നിയമനം അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി കൊണ്ടുള്ളതായിരുന്നെന്ന് അമിത്ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ഡോവലിന്റെ പ്രവർത്തന മികവിലും ഇന്ത്യയുടെ വിദേശ നയം ഉരുക്കുനട്ടെല്ലിൽ തീർത്ത നയമായി മാറിയെന്നും അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ലോകമാന്യ തിലകിന്റെ നിർഭയത്വത്തെയും ഡോവലിന്റെ പ്രവർത്തന മികവിനെയും അദ്ദേഹം താരതമ്യം ചെയ്തു. ഗുജറാത്ത് മന്ത്രിയായി പ്രവർത്തിച്ചപ്പോൾ ഡോവലുമായി നടത്തിയ ആദ്യകാല കൂടിക്കാഴ്ചയെക്കുറിച്ചും അമിത് ഷാ ഓർമ്മകൾ പങ്കുവെച്ചു.
അഹമ്മദാബാദ് ബോംബ് സ്ഫോടനം നടന്നതിനു പിന്നാലെ രാജ്യത്ത് വിവിധ ഇടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് രാജ്യത്തുടനീളം നടന്ന സ്ഫോടനങ്ങളെ കുറിച്ച് സംസ്ഥാന പൊലീസ് അന്വേഷിക്കണമെന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെടുകയുണ്ടായി.
ഇതിനൊപ്പം അജിത് ഡോവലിനെ വിളിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാനും അദ്ദേഹം നിർദ്ദേശിച്ചു. തുടർന്ന് ഡോവൽ ഉച്ചസമയത്ത് തന്റെ വസതിയിലെത്തിയെന്നും അന്ന് അദ്ദേഹം നൽകിയ നിർണായക വിവരങ്ങളിലൂടെ അഹമ്മദാബാദ് ബോംബ് സ്ഫോടനത്തിനൊപ്പം രാജ്യത്തുടനീളം സംഭവിച്ച സ്ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണം വളരെ എളുപ്പമായി മാറിയെന്നും അമിത്ഷാ പറഞ്ഞു.
ഡോവലിലൂടെ സങ്കീർണ്ണമായ പ്രശ്നങ്ങൾ ഒറ്റയടിക്ക് പരിഹരിക്കാൻ ഗുജറാത്ത് പൊലീസിനു കഴിഞ്ഞെന്നും അന്നത് വലിയൊരു നേട്ടമായിരുന്നുവെന്നും കേന്ദ്രമന്ത്രി ഓർത്തെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

