ബംഗാൾ, അസം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനായി നാട്ടിലേക്ക് മടങ്ങിയ അതിഥിത്തൊഴിലാളികൾ തിരിച്ചെത്താത്തത് പത്തനംതിട്ട ജില്ലയിലെ തൊഴിൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും മന്ത്രിസഭാ രൂപീകരണവും കഴിഞ്ഞിട്ടും ഭൂരിഭാഗം പേരും ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാത്തത് നിർമാണ മേഖലയെയും കാർഷിക രംഗത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജില്ലയിൽ ഏകദേശം 54,800 അതിഥിത്തൊഴിലാളികൾ താമസിച്ചിരുന്നതായാണ് പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നത്.
എന്നാൽ, ജില്ലാ ലേബർ ഓഫിസിൽ 5,400 പേർ മാത്രമാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. പൗരത്വം സംബന്ധിച്ച ആശങ്കകൾ കാരണം ഇത്തവണ കൂടുതൽ പേർ വോട്ട് ചെയ്യാനായി സ്വദേശത്തേക്ക് മടങ്ങിയെന്നും, ഇതിൽ 10 ശതമാനം പേർ മാത്രമാണ് ഇതുവരെ തിരിച്ചെത്തിയതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ മടങ്ങിയതോടെ അബാൻ മേൽപാലം, ജനറൽ ആശുപത്രി, ജില്ലാ സ്റ്റേഡിയം തുടങ്ങിയ പ്രമുഖ പദ്ധതികളുടെ നിർമാണം ഇഴയുകയാണ്. പന്തളം വയറപ്പുഴ പാലത്തിന്റെ നിർമാണവും തൊഴിലാളികളുടെ കുറവ് മൂലം ഒരു മാസമായി നിലച്ചിരിക്കുകയാണ്.
9.35 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഈ പാലത്തിന്റെ പണികൾ തൊഴിലാളികൾ തിരിച്ചെത്തിയ ശേഷം പുനരാരംഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കാർഷിക മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല.
പാടശേഖരങ്ങളിലെ കള പറിക്കൽ, മരുന്ന് തളിക്കൽ, കരക്കൃഷിയിലെ വളപ്രയോഗം തുടങ്ങിയവയ്ക്ക് ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കുന്നില്ല. ഹോട്ടൽ മേഖലയിൽ അതിഥിത്തൊഴിലാളികളുടെ കുറവിനൊപ്പം പാചകവാതക ക്ഷാമവും വിലക്കയറ്റവും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
നിലവിൽ സമൂഹമാധ്യമ ഗ്രൂപ്പുകൾ വഴി ഉയർന്ന വേതനം നൽകി തൊഴിലാളികളെ കണ്ടെത്തേണ്ട അവസ്ഥയാണ് ഹോട്ടൽ ഉടമകൾക്കുള്ളത്.
ദിവസക്കൂലി 1,000 രൂപയിൽ നിന്ന് 1,500 രൂപ വരെയായി വർധിച്ചിട്ടും വിദഗ്ധ തൊഴിലാളികളെ ലഭിക്കാത്തത് ഹോട്ടൽ നടത്തിപ്പിനെ ദോഷകരമായി ബാധിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

