ലോകപ്രശസ്തമായ കാന്‍സ് ചലച്ചിത്രോത്സവത്തിലെ ‘കാന്‍സ് ക്ലാസിക്’ വിഭാഗത്തില്‍ മലയാളത്തിന്റെ എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളിലൊന്നായ ‘അമ്മ അറിയാന്‍’ പ്രദര്‍ശിപ്പിച്ചു. ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത് 1986-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 4കെ ദൃശ്യമികവോടെ പുനഃസൃഷ്ടിച്ച ശേഷമാണ് കാന്‍സില്‍ പ്രദര്‍ശനത്തിനെത്തിയത്.
ഇത്തവണ ഇന്ത്യയില്‍ നിന്നും ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചലച്ചിത്രമാണിത്.
പ്രദര്‍ശനത്തിന്റെ ഭാഗമായി ചിത്രത്തിലെ പ്രധാന അഭിനേതാക്കളിലൊരാളായ ജോയ് മാത്യു, ഛായാഗ്രാഹകന്‍ വേണു, എഡിറ്റര്‍ ബീന പോള്‍ എന്നിവര്‍ കാന്സിലെത്തിയിരുന്നു. റെഡ് കാര്‍പെറ്റിലൂടെ നടന്നുനീങ്ങുന്ന ജോയ് മാത്യുവിന്റെ ദൃശ്യങ്ങള്‍ മകള്‍ ആന്‍ എസ്തര് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധനേടി.
“കാന്‍സ് ക്ലാസിക്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട, എന്റെ അച്ഛന് ആദ്യമായി നായകനായി അഭിനയിച്ച അമ്മ അറിയാന്‍ എന്ന ചിത്രത്തിന്റെ സ്ക്രീനിംഗിനായി അവിടെ എത്തിയ അദ്ദേഹത്തെ കാണുമ്പോള്‍ ഇത് സത്യം തന്നെയാണോ എന്ന് തോന്നിപ്പോവുന്നു. സിനിമയെക്കുറിച്ചും കലയെക്കുറിച്ചും പാഷനെക്കുറിച്ചുമൊക്കെയുള്ള കഥകള്‍ കേട്ടാണ് വളര്‍ന്നത്.
അത്തരമൊരു കഥ കാന്‍സി റെഡ് കാര്‍പെറ്റിലേക്ക് നടന്നു പോകുന്നത് കാണുന്നത് ആഴത്തില്‍ വൈകാരികമായ അനുഭവമാണ്. ഏറെ അഭിമാനം അച്ഛാ”, എന്നാണ് ആന്‍ എസ്തര് കുറിച്ചത്.
മുപ്പത്തിരണ്ടായിരത്തിലധികം ലൈക്കുകള്‍ ഇതിനകം തന്നെ ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഒറിജിനല്‍ നെഗറ്റീവുകള്‍ കാലപ്പഴക്കത്താല്‍ നഷ്ടപ്പെട്ട
സാഹചര്യത്തില്‍, നാഷണല്‍ ഫിലിം ആര്ക്കൈവ്സിലുണ്ടായിരുന്ന പ്രിന്റുകള്‍ ഉപയോഗിച്ചാണ് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനും ഒഡേസ കളക്ടീവും ചേര്‍ന്ന് ചിത്രം പുനഃസൃഷ്ടിച്ചത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ കാന്‍സ് വേള്‍ഡ് ക്ലാസിക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആറാമത്തെ ഇന്ത്യന്‍ ചിത്രം കൂടിയാണ് ‘അമ്മ അറിയാന്‍’.
ജി. അരവിന്ദന്റെ ‘തമ്പ്’, അരിഭം ശ്യാം ശര്‍മ്മയുടെ ‘ഇഷനൗ’, ശ്യാം ബെനഗലിന്റെ ‘മന്തന്’, സത്യജിത് റേയുടെ ‘അരണ്യര്‍ ദിന് രാത്രി’, സുമിത്ര പെരീസിന്റെ ‘ഗെഹെനു ലാമായ്’ എന്നീ ചിത്രങ്ങള്‍ നേരത്തെ ഈ വിഭാഗത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

