ലോക ഭക്ഷ്യദിനം ഇന്ന് ആചരിക്കുന്നു. പട്ടിണി നിര്മ്മാര്ജ്ജനം, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കല്, പോഷകാഹാര ലഭ്യത എന്നിവയെക്കുറിച്ചുള്ള സമഗ്രമായ ബോധവത്കരണമാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
“നാളെയെ പോഷിപ്പിക്കാനായി ഇന്ന് തന്നെ നവീകരിക്കാം” എന്നതാണ് ഈ വര്ഷത്തെ ആഗോള സന്ദേശം. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഫുഡ് ആന്റ് അഗ്രിക്കള്ച്ചര് ഓര്ഗനൈസേഷന്റെ (എഫ്.എ.ഒ) രൂപീകരണ വാര്ഷികത്തോടനുബന്ധിച്ചാണ് ഒക്ടോബര് 16 ലോക ഭക്ഷ്യദിനമായി പ്രഖ്യാപിച്ചത്.
1979-ലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്. മനുഷ്യന്റെ മൗലികാവകാശമായ ഭക്ഷണം എല്ലാവരിലേക്കും എത്തിക്കുക എന്നതിനാണ് ഈ ദിനം പ്രാധാന്യം നല്കുന്നത്.
സമകാലിക ആഗോള പ്രശ്നങ്ങളായ കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക അസ്ഥിരതയും ഭക്ഷ്യസുരക്ഷയെ എങ്ങനെ ബാധിക്കുന്നുവെന്ന ചര്ച്ചകളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ലോകത്താകമാനം ഏകദേശം 65 കോടി ജനങ്ങള് പട്ടിണിയുടെ ദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ സാഹചര്യത്തില് ഭക്ഷ്യദിനത്തിന്റെ പ്രധാന്യം ഏറെ വര്ദ്ധിച്ചിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തുന്നു. റോമിലെ ഫുഡ് ആന്റ് അഗ്രിക്കള്ച്ചര് ഓര്ഗനൈസേഷന് ആസ്ഥാനത്ത് നടക്കുന്ന ഔദ്യോഗിക ചടങ്ങുകളോടെയാണ് ഈ വര്ഷത്തെ പരിപാടികള്ക്ക് തുടക്കമായിരിക്കുന്നത്.
തുടര്ന്ന് ലോകമെമ്പാടും പ്രത്യേക പ്രദര്ശനങ്ങളും മാരത്തണുകളും ബോധവത്കരണ ക്യാമ്പെയ്നുകളും സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷണം പാഴാക്കിക്കളയാതിരിക്കാനും, നമ്മുടെ ഭക്ഷണശീലങ്ങളില് ആരോഗ്യകരമായ മാറ്റങ്ങള് വരുത്താനും, സഹജീവികളുടെ വിശപ്പകറ്റാന് കൈകോര്ക്കാനും ഈ ദിനം ഓരോരുത്തരെയും ഓര്മ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

