മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർക്കെതിരായ സമരവുമായി ബന്ധപ്പെട്ട് കോൺഗ്രസിലും ‘ഇന്ത്യാ’ സഖ്യത്തിലും അതൃപ്തി പുകയുന്നതായി റിപ്പോർട്ട്. ഐസ (AISA) നേതാവ് നേഹ ബോറയ്ക്ക് വാർത്താസമ്മേളനത്തിൽ ഉൾപ്പെടെ പ്രാധാന്യം നൽകിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നടപടിയിലാണ് സഖ്യത്തിലെയും പാർട്ടിയിലെയും നേതാക്കൾക്കിടയിൽ അസംതൃപ്തി നിലനിൽക്കുന്നത്.
സമരരംഗത്തുള്ള യൂത്ത് കോൺഗ്രസ്, എൻഎസ്യു നേതാക്കളെ അവഗണിച്ചുവെന്നാണ് പ്രധാന പരാതി. തുടർന്ന് എൻഎസ്യു നേതാക്കളുമായി രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിനെത്തിയത് നേതാക്കളുടെ പരിഭവം തീർക്കുന്നതിന്റെ ഭാഗമായിരുന്നു.
സുപ്രീംകോടതിയിലേക്ക് ഇപ്പോൾ പോകേണ്ടിയിരുന്നില്ലെന്നും രാഹുൽ ഗാന്ധിക്കെതിരായ കോടതി പരാമർശം തിരിച്ചടിയാകുമെന്നും നേതാക്കൾ വിലയിരുത്തുന്നു. നിയമപോരാട്ടത്തിലേക്ക് നീങ്ങിയത് രാഹുൽ ഗാന്ധിയുടെ സമ്മർദ്ദപ്രകാരമാണെന്നാണ് നേതാക്കളുടെ പ്രതികരണം.
അതേസമയം, ഇന്ന് സിജെപിയുടെ തിരംഗ മാർച്ച് നടക്കും. 11 പേർക്ക് മാത്രമാണ് പ്രതിഷേധത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിട്ടുള്ളത്.
തിരംഗ മാർച്ചിന്റെ പശ്ചാത്തലത്തിൽ ഉന്നത ഉദ്യോഗസ്ഥർ സാഹചര്യം വിലയിരുത്തി. 24 മണിക്കൂർ നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെയാണ് ദില്ലി പൊലീസ് സജ്ജമാക്കിയിരിക്കുന്നത്.
ദില്ലി അതിർത്തികളിൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. അർദ്ധസൈനിക വിഭാഗം ഉൾപ്പെടെ 20,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ ഇടങ്ങളിൽ വിന്യസിക്കും.
സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കൊണാട്ട് പ്ലേസിൽ പൊലീസ് സുരക്ഷ ശക്തമാക്കി. തിരംഗ യാത്ര നിയമവിരുദ്ധമായ ഒത്തുചേരലല്ലെന്ന് ദില്ലി ഡിസിപിയും പിആർഒയുമായ നേഹ യാദവ് വ്യക്തമാക്കി.
എന്നാൽ ബിഎൻഎസ്എസ് സെക്ഷൻ 163 പ്രകാരം കൊണാട്ട് പ്ലേസും അനുബന്ധ പ്രദേശങ്ങളിലും ന്യായമായ ഒത്തുചേരൽ അനുവദിക്കാൻ ആകില്ലെന്നും ഡിസിപി കൂട്ടിച്ചേർത്തു. പ്രതിഷേധക്കാർക്കെതിരെയുള്ള ദില്ലി പൊലീസ് നടപടികൾക്ക് എതിരെയുള്ള ഹർജി ഇനി നവംബർ മൂന്നിന് മാത്രമായിരിക്കും പരിഗണിക്കുക.
ജന്തർമന്തർ സമരവേദി അല്ലാതാക്കിയ ഉത്തരവിനെതിരായ ഹർജികളും നവംബർ മൂന്നിനായി മാറ്റിയിട്ടുണ്ട്. ഗ്യാനേഷ് കുമാർക്കെതിരെ രാഹുൽ ഗാന്ധി അടക്കം നൽകിയ ഹർജികൾ ഈ മാസം 27ന് പരിഗണിക്കും.
രാഹുൽ ഗാന്ധിക്ക് എതിരായി കോടതി വളപ്പിലെ ബഹളവുമായി ബന്ധപ്പെട്ട ഹർജികളും ഇനി നവംബർ മൂന്നിനായിരിക്കും പരിഗണിക്കുക.
സിജെപി പ്രതിഷേധത്തിന് 11 പേരെ മാത്രമാണ് അനുവധിക്കുകയെന്ന് ദില്ലി പൊലീസ് അറിയിച്ചു. ഇതിനായി 11 നേതാക്കളുടെ പേര് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊണാട്ട്പ്ലേസിൽ പ്രത്യേക സ്ഥലത്ത് പതാകയുമായി കുറച്ചുനേരം പ്രതിഷേധിക്കാൻ മാത്രമായിരിക്കും അനുവാദം. സെൻട്രൽ പാർക്കിന് ചുറ്റും 6000 പൊലീസുകാരെ വിന്യസിക്കും.
പൊതുജനങ്ങൾ ഈ പ്രതിഷേധത്തിൽ പങ്കുചേരരുതെന്നും ദില്ലി പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ നിന്ന് സിജെപിയെ തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് കർശന നിയന്ത്രണങ്ങളോടെ കുറച്ചുപേരെ പ്രതിഷേധിക്കാൻ അനുവദിക്കുമെന്ന് ദില്ലി പൊലീസ് വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

