നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വസ്ത്ര-കലാപ്രേമികളുടെ വൻ തിരക്കാണ് കൊച്ചിയിൽ അനുഭവപ്പെടുന്നത്. കരകൗശല വിസ്മയങ്ങൾ കാണാനും സ്വന്തമാക്കാനുമായി എത്തിയ ജനക്കൂട്ടം ഹോർത്തൂസ് ക്രാഫ്റ്റ്സ് ബസാറിനെ സജീവമാക്കി.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തനതു കൈത്തൊഴിൽ സംരംഭങ്ങളും പ്രമുഖ ബ്രാൻഡുകളുമാണ് മേളയിൽ അണിനിരന്നിരിക്കുന്നത്. എറണാകുളം ടൗൺഹാളിൽ രണ്ടുനിലകളിലായി ഒരുക്കിയിരിക്കുന്ന ഈ പ്രദർശനം ഇന്ന് സമാപിക്കും.
കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള അമൂല്യമായ കരകൗശലപ്പെരുമയുടെ സൂക്ഷ്മമായ തിരഞ്ഞെടുപ്പാണ് മേളയുടെ പ്രധാന ആകർഷണം. പ്രദർശന വേദിയിലെത്തിയ സന്ദർശകരും ഈ അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്.
ന്യൂഡൽഹിയിലും ചെന്നൈയിലും അരങ്ങേറുന്ന പ്രമുഖ ക്രാഫ്റ്റ് പ്രദർശനങ്ങളിലേതുപോലെ ആധികാരിക കൈത്തൊഴിൽ സംരംഭങ്ങളാണ് ഇവിടെയും ഒരുക്കിയിട്ടുള്ളതെന്ന സംതൃപ്തിയാണ് കരകൗശല പ്രേമികൾ വ്യക്തമാക്കുന്നത്. പശ്മീന, ജാംദാനി തുണിത്തരങ്ങൾ, പാരമ്പര്യ രീതിയിലുള്ള അജ്റക്, ദാബു പ്രിന്റുകൾ, ചിക്കൻകാരി, ലംബാഡി അലങ്കാരത്തുന്നലുകൾ, മധുബനി പെയിന്റിങ്, ഗോത്രവർഗക്കാരുടെ ഡോക്ര ഉൽപന്നങ്ങൾ തുടങ്ങി ഇന്ത്യയുടെ സമ്പന്നമായ കരകൗശല വൈവിധ്യം ഇവിടെ നേരിട്ടുകാണാം.
ഇതിനുപുറമെ, കേരളത്തിന്റെ തനതായ കൈത്തറി പാരമ്പര്യം വിളിച്ചോതുന്ന ചേന്ദമംഗലം, ബാലാരാമപുരം, കുത്താമ്പിള്ളി നെയ്ത്തുവസ്ത്രങ്ങളും മേളയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇവയുൾപ്പെടെ മുപ്പത്തിരണ്ടിലേറെ സംരംഭങ്ങളാണ് ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രദർശന സമയം. ടൗൺഹാളിലെ പാർക്കിങ്ങിനു പുറമേ കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂൾ വളപ്പിലും വാഹനങ്ങൾക്കായി പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇവിടെ നിന്നും സന്ദർശകരെ ടൗൺഹാളിൽ എത്തിക്കുന്നതിനായി പ്രത്യേക ഓട്ടോറിക്ഷാ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

