കാൽസ്യം അടിഞ്ഞുകൂടിയതും പൂർണമായി അടഞ്ഞതുമായ ഹൃദയധമനികളുടെ ചികിത്സയ്ക്ക് പുതിയ സാധ്യതകൾ തുറക്കുന്ന നൂതന ഇമേജിങ് സംവിധാനങ്ങളും ചികിത്സാ സാങ്കേതിക വിദ്യകളും ചർച്ച ചെയ്ത് ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ (ഐ.സി.സി.കെ) വാർഷിക സമ്മേളനം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ആരംഭിച്ചു. ചടപ്പിൽ ഐ.സി.സി.കെ പ്രസിഡന്റ് ഡോ.
ശിവപ്രസാദ് കെ. സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സയന്റിഫിക് കമ്മറ്റി ചെയർമാൻ ഡോ.
രാജേഷ് ടി, ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. പ്രവീൺ എസ്.വി; ഐ.സി.സി.കെ സെക്രട്ടറി ഡോ.
ലൂയി ഫിഷർ, ട്രഷറർ ഡോ. അരുൺ ഗോപി എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.
രോഗിയുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകി സങ്കീർണ ഹൃദയധമനി രോഗങ്ങൾ കൂടുതൽ കൃത്യതയോടെ ചികിത്സിക്കാനുള്ള സാധ്യതകളാണ് ഇന്റർവെൻഷണൽ കാർഡിയോളജി തുറക്കുന്നതെന്ന് ഡോ. ശിവപ്രസാദ് കെ. പറഞ്ഞു.
പരമ്പരാഗത ആൻജിയോഗ്രാമിൽ ലഭിക്കുന്ന വിവരങ്ങൾക്കപ്പുറം ഹൃദയധമനിയുടെ ഉൾവശം വിശദമായി വിലയിരുത്താൻ കഴിയുന്നതാണ് ആധുനിക ആൻജിയോപ്ലാസ്റ്റിയിലെ പ്രധാന മാറ്റങ്ങളിലൊന്നെന്ന് ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. പ്രവീൺ എസ്.വി വ്യക്തമാക്കി.
‘ഒപ്റ്റിക്കൽ കൊഹറൻസ് ടോമോഗ്രഫി, ഇൻട്രാവാസ്കുലർ അൾട്രാസൗണ്ട് തുടങ്ങിയ ഇമേജിങ് സാങ്കേതിക വിദ്യകൾ ആൻജിയോഗ്രാമിൽ വ്യക്തമായി കാണാത്ത തടസ്സങ്ങളുടെ സ്വഭാവം പോലും തിരിച്ചറിയാൻ സഹായിക്കും. കാൽസ്യം അടിഞ്ഞുകൂടിയതിന്റെ സ്വഭാവവും വ്യാപ്തിയും കൃത്യമായി വിലയിരുത്താനും അനുയോജ്യമായ ചികിത്സ തിരഞ്ഞെടുക്കാനും സ്റ്റെന്റ് കൃത്യമായി സ്ഥാപിക്കാനും വികസിപ്പിക്കാനും ഇതു വഴി സാധിക്കും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ആധുനിക ഇമേജിങ് സാങ്കേതിക വിദ്യകൾക്ക് മൂന്ന് ദിവസത്തെ ഈ സമ്മേളനം വലിയ പ്രാധാന്യമാണ് നൽകുന്നത്. ഒ.സി.ടി, ഐ.വി.യു.എസ് സഹായത്തോടുകൂടിയ ആൻജിയോപ്ലാസ്റ്റി, വ്യത്യസ്ത ഇമേജിങ് സംവിധാനങ്ങൾ സംയോജിപ്പിച്ചുള്ള പരിശോധനകൾ എന്നിവയ്ക്കായി പ്രത്യേക ശാസ്ത്ര സെഷനുകൾ തന്നെ ഒരുക്കിയിട്ടുണ്ട്.
ധമനിക്കുള്ളിലെ കൊഴുപ്പടിഞ്ഞ പാളികളിലെ തകരാറുകളും കൃത്യതയല്ലാത്ത ബ്ലോക്കുകളും ചികിത്സയ്ക്ക് മുൻപ് കൃത്യമായി തിരിച്ചറിയുന്ന നൂതന ഇമേജിങ്ങ് വിദ്യകളും വിദഗ്ധർ വിലയിരുത്തുന്നുണ്ട്. കട്ടിയേറിയ കാൽസ്യം സാന്നിധ്യം കാരണം ബലൂൺ വികസിപ്പിക്കാനും സ്റ്റെന്റ് ശരിയായി സ്ഥാപിക്കാനും കഴിയാതെ വരുന്ന സങ്കീർണ്ണ സാഹചര്യങ്ങളെ നേരിടാനുള്ള ഇൻട്രാവാസ്കുലർ ലിത്തോട്രിപ്സി, അതെറെക്ടമി, കട്ടിങ് ബലൂൺ, ലേസർ ആൻജിയോപ്ലാസ്റ്റി തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളും സമ്മേളനത്തിൽ സജീവ ചർച്ചയാകുന്നുണ്ടെന്ന് ഡോ.
പ്രവീൺ എസ്.വി അറിയിച്ചു. ഹൃദയപേശിയുടെ വലിയൊരു ഭാഗത്തേക്ക് രക്തമെത്തിക്കുന്ന പ്രധാന ഹൃദയധമനിയായ ലെഫ്റ്റ് മെയിൻ കൊറോണറി ആർട്ടറിയിലെ സങ്കീർണ തടസ്സങ്ങളുടെ ചികിത്സയും സമ്മേളനത്തിൽ പ്രത്യേകമായി ചർച്ച ചെയ്യപ്പെടുന്നു.
ഹൃദയസ്തംഭനത്തിനു ശേഷമുള്ള തുടർ ഇടപെടലുകൾ, ധമനിയുടെ ഭിത്തിയിൽ സ്വാഭാവികമായി വിള്ളലുണ്ടാകുന്ന അവസ്ഥ തുടങ്ങിയവയും ശാസ്ത്ര സെഷനുകളുടെ പ്രധാന ഭാഗമാണ്. ആദ്യ ചികിത്സാരീതി വിജയിക്കാത്ത ഘട്ടങ്ങളിൽ മറ്റൊരു മാർഗത്തിലൂടെ തടസ്സം നീക്കം ചെയ്യുന്ന രീതികളും അടിയന്തരമായി സ്വീകരിക്കാവുന്ന തുടർ ചികിത്സാ മാർഗങ്ങളും വിദഗ്ധർ ചടങ്ങിൽ അവതരിപ്പിക്കും.
ഹൃദയത്തിന്റെ പമ്പിങ് പ്രവർത്തനത്തിന് യന്ത്രസഹായം നൽകി ആൻജിയോപ്ലാസ്റ്റി നടത്തുന്ന സങ്കീർണ ചികിത്സകളും യോഗത്തിൽ ചർച്ചയാകുന്നുണ്ട്. സ്ഥിരമായി സ്റ്റെന്റ് സ്ഥാപിക്കാതെ തിരഞ്ഞെടുത്ത രോഗികളിൽ മരുന്ന് പുരട്ടിയ പ്രത്യേക ബലൂൺ ഉപയോഗിച്ച് ബ്ലോക്കുകൾ ചികിത്സിക്കുന്ന രീതികളും കൂടുതൽ പ്രാധാന്യം നേടുന്നതായി ഡോ.
പ്രവീൺ വ്യക്തമാക്കി. ചെറുപ്പക്കാരിൽ കത്തീറ്റർ വഴി നടത്തുന്ന ഹൃദയവാൽവ് ചികിത്സ, ശസ്ത്രക്രിയ കൂടാതെ പൾമണറി വാൽവ് മാറ്റിവയ്ക്കുന്ന നവീന ചികിത്സാ രീതികൾ എന്നിവ സമാപന ദിവസത്തെ പ്രധാന വിഷയങ്ങളാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറിലധികം പ്രമുഖ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളും ഹൃദ്രോഗ വിദഗ്ധരുമാണ് ഈ നിർണായക ത്രിദിന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

