ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച എൻ. ചന്ദ്രശേഖരന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നടപടികൾ വൈകാൻ സാധ്യതയെന്ന് റിപ്പോർട്ട്.
പുതിയ ചെയർമാനെ തീരുമാനിക്കുന്നതിൽ പ്രധാനികളായ രണ്ട് ട്രസ്റ്റുകളിൽപ്പെട്ട സർ രത്തൻ ടാറ്റ ട്രസ്റ്റിന് (എസ്ആർടിടി) യോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ചട്ടം ലംഘിച്ച് പ്രവർത്തിച്ചെന്ന പരാതിയിലാണ് മഹാരാഷ്ട്ര ചാരിറ്റി കമ്മിഷണറുടെ ഈ നടപടി. ഈ നിയന്ത്രണം നീക്കുന്നതിനായി ടാറ്റ സൺസിന്റെ 66 ശതമാനം ഓഹരി കൈവശമുള്ള ടാറ്റ ട്രസ്റ്റ്സ് അധികൃതരെ ഉടൻ സമീപിച്ചേക്കുമെന്നാണ് വിവരം.
ഒരുപക്ഷേ അപേക്ഷ തള്ളിയാൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ നിയമക്കുരുക്കിലേക്കു കാര്യങ്ങൾ നീങ്ങിയാൽ പുതിയ ചെയർമാന്റെ നിയമനവും കൂടുതൽ വൈകാൻ ഇടയാക്കും.
ചെയർമാനെ തിരഞ്ഞെടുക്കുന്നതിനുള്ള അഞ്ചംഗ വിദഗ്ധ സമിതിയുടെ രൂപീകരണമാണ് ഇതിലെ ആദ്യപടി. തുടർന്ന് രണ്ടു മാസത്തിനകം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലുള്ള സാഹചര്യത്തിൽ ടാറ്റ സ്റ്റീൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ മലയാളി ടി.വി. നരേന്ദ്രന്റെ പേരിനാണ് മുൻതൂക്കം ലഭിക്കുന്നത്.
ടാറ്റ സൺസിന്റെ വാർഷിക പൊതുയോഗം ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. യോഗത്തിലേക്ക് പ്രതിനിധികളെ അയക്കാൻ സർ രത്തൻ ടാറ്റ ട്രസ്റ്റിനു കഴിയില്ല.
അതിനാൽ തന്നെ കോറം തികയാതെ വരുമ്പോൾ പൊതുയോഗം മാറ്റിവയ്ക്കേണ്ട സാഹചര്യവുമുണ്ടാകാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

