ഡാർവിനിൽ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ബംഗ്ലാദേശ് ഓൾറൗണ്ടർ മെഹിദി ഹസൻ മിറാസ്. മത്സരത്തിന്റെ നാലാം ദിനത്തിൽ ഓസ്ട്രേലിയൻ നിരയെ എറിഞ്ഞിട്ട
താരം അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ചരിത്രമെഴുതി. ഇതിലൂടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ 1,000 റൺസും 100 വിക്കറ്റും തികയ്ക്കുന്ന ആദ്യ ബംഗ്ലാദേശ് താരമെന്ന വലിയ നേട്ടമാണ് 28-കാരനായ താരം സ്വന്തമാക്കിയത്.
മർറാറ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അലക്സ് ക്യാരി, ബ്യൂ വെബ്സ്റ്റർ, ഓസീസ് നായകൻ പാറ്റ് കമ്മിൻസ്, നഥാന്‍ ലിയോണ്‍ എന്നിവരെ പുറത്താക്കിയാണ് മിറാസ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. തായ്ജുൽ ഇസ്ലാമിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 100 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ബംഗ്ലാദേശ് ബൗളർ കൂടിയാണ് മിറാസ്.
തന്റെ 32-ാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിലാണ് മെഹിദി ഈ അപൂർവ്വ ഡബിൾ (1,000+ റൺസും 100+ വിക്കറ്റും) പൂർത്തിയാക്കിയത്. നിലവിൽ 100 വിക്കറ്റുകളും 1,436 റൺസുമാണ് താരത്തിന്റെ പേരിലുള്ളത്.
രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, പാറ്റ് കമ്മിൻസ്, ക്രിസ് വോക്സ്, ബെൻ സ്റ്റോക്സ്, മിച്ചൽ സ്റ്റാർക്ക് എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ മാത്രം അന്താരാഷ്ട്ര താരം കൂടിയാണ് മെഹിദി ഹസൻ മിറാസ്. ബൗളിംഗിൽ മാത്രമല്ല, ബാറ്റിംഗിലും ബംഗ്ലാദേശിനായി താരം മിന്നും പ്രകടനമാണ് പുറത്തെടുത്തത്.
ഏഴാമനായി ഇറങ്ങി 154 പന്തിൽ 65 റൺസ് നേടിയ മിറാസിന്റെ ബാറ്റിങ് മികവിലാണ് ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സിൽ 426 റൺസ് പടുത്തുയർത്തിയത്. ഇതോടെ ഓസ്ട്രേലിയയ്ക്കെതിരെ 228 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡും ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

