പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. സമിതി അംഗവും ജില്ലാ ഗവൺമെന്റ് പ്ലീഡറുമായ അഡ്വ.
കെ അജിത് കുമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടിക്ക് പരിക്കേറ്റ ശേഷം ഏകദേശം ആറു മണിക്കൂറോളം സമയം ആശുപത്രിയിൽ ചികിത്സയൊന്നും ലഭ്യമാക്കിയിരുന്നില്ലെന്ന് സമിതി വിലയിരുത്തുന്നു.
ആ സമയത്ത് കാര്യമായ രക്തസ്രാവം ഉണ്ടായിരുന്നില്ലെന്നും വ്യക്തമാണ്. ഇത്രയും ചെറിയ പരിക്കിന് ജനറൽ അനസ്തീഷ്യ നൽകി ചികിത്സിക്കേണ്ട
സാഹചര്യമുണ്ടായിരുന്നില്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ആവശ്യമില്ലാത്ത ചികിത്സാ രീതിയാണ് ഡോക്ടർമാർ നിർദേശിച്ചത്.
ജനറൽ അനസ്തീഷ്യ നൽകിയ ശേഷം അപ്രതീക്ഷിതമായി എന്തെങ്കിലും അപകടം സംഭവിച്ചാൽ അത് കൈകാര്യം ചെയ്യാനുള്ള മുൻകരുതലോ സൗകര്യങ്ങളോ ആ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ഈ അപര്യാപ്തത മൂലമാണ് പിന്നീട് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നത്.
അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ആശുപത്രിയിൽ എന്തിനാണ് ഇത്തരം ഒരു അനസ്തീഷ്യ നൽകാൻ മുതിർന്നതെന്ന ചോദ്യം സമിതി ഉയർത്തുന്നു. മുറിവ് ഭേദമാകാൻ തുടങ്ങിയിരുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് സർജറിയുടെ ആവശ്യമില്ലായിരുന്നുവെന്നും അഡ്വ.
കെ അജിത് കുമാർ പറഞ്ഞു. അനാവശ്യമായി അനസ്തീഷ്യ നൽകിയതിൽ ഡോക്ടർമാർക്ക് മറ്റ് താൽപ്പര്യങ്ങളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്തരമൊരു ചികിത്സാ പ്രോട്ടോക്കോൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനകം പോലീസിന് കൈമാറുമെന്ന് സമിതി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

