കൊല്ലം കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി മാഫിയകൾക്ക് വലിയ തിരിച്ചടിയായതോടെ, അന്വേഷണ ഏജൻസികളെ കബളിപ്പിക്കാൻ പുതിയ കുതന്ത്രങ്ങളുമായി സംഘങ്ങൾ രംഗത്ത്. ഉന്നതതല ലഹരി വ്യാപാരികൾ പൊലീസിന്റെ ശ്രദ്ധ തിരിച്ചുവിടാനായി ആസൂത്രിതമായ നീക്കങ്ങളാണ് ഇപ്പോൾ നടത്തുന്നത്.
പൊലീസ് ഉദ്യോഗസ്ഥർ ഫോൺ ട്രാക്കിംഗിലൂടെ പ്രതികളെ പിടികൂടുന്നത് പതിവായതോടെയാണ് കുറ്റവാളികൾ തങ്ങളുടെ രീതികളിൽ മാറ്റം വരുത്തിയത്. ബെംഗളൂരു, ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് ലഹരി ശേഖരിക്കാൻ പോകുന്നവരുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
എന്നാൽ, ഇതിനെ മറികടക്കാൻ ലഹരി സംഘങ്ങൾ പ്രയോഗിക്കുന്നത് ‘ഡമ്മി’ ഫോൺ ട്രാക്കിംഗ് രീതിയാണ്. ഒരു വ്യക്തി ലഹരി തേടി പോകുന്ന വിവരം ബോധപൂർവം ചോർത്തുകയും, ഇയാളുടെ ഫോൺ ട്രാക്ക് ചെയ്യുന്ന പൊലീസിനെ വഴിതെറ്റിക്കുകയുമാണ് ചെയ്യുന്നത്.
ഇയാൾ വെറുംകയ്യോടെ തിരികെ എത്തുമ്പോൾ, മറ്റൊരു സംഘം ഫോൺ ഉപയോഗിക്കാതെ മറ്റൊരു വഴിയിലൂടെ ലഹരി വസ്തുക്കൾ കടത്തുന്നു. ഇത്തരത്തിൽ എത്തുന്ന ലഹരി വസ്തുക്കൾ ചെങ്ങന്നൂരിലോ കൊച്ചിയിലോ ട്രെയിൻ മാർഗ്ഗം ഇറക്കിയ ശേഷം, അവിടെ നിന്ന് ബൈക്കുകളിലായി കൊല്ലത്തേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
പൊലീസിന്റെ ശക്തമായ നിരീക്ഷണം കാരണം ലഹരിയുടെ വരവ് കുറഞ്ഞെങ്കിലും, മയക്കുമരുന്നിന് അടിമകളായവർ ഇപ്പോൾ ബെംഗളൂരുവിൽ താമസിച്ച് ലഹരി ഉപയോഗിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ കേന്ദ്രീകരിച്ചും കൊല്ലം സിറ്റി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

