കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര മേഖലയിലുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളും പുനർനിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിലാക്കുമെന്ന് എം.ജെ.
സെബാസ്റ്റ്യൻ എം.എൽ.എ വ്യക്തമാക്കി. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു.
പ്രകൃതിക്ഷോഭത്തിന്റെ വ്യാപ്തിയും നേരിട്ട വെല്ലുവിളികളും അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെയാണ്: ‘വെള്ളിയാഴ്ച രാത്രി തന്നെ മഴ തുടങ്ങിയെങ്കിലും മൂന്നുമണിക്കൂറാണ് ശക്തിയായി പെയ്തത്.
നാട്ടുകാർ അപകട സൂചന നൽകിയതിനേത്തുടർന്ന് രാത്രി തന്നെ പ്രദേശത്തെത്തി.
ദുരന്തമുണ്ടായ ഉടനെ ജില്ലാ കളക്ടറെയും മറ്റ് അധികൃതരെയും വിവരം അറിയിച്ചു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഫലപ്രദമായി രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞു.’ നിലവിൽ ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്.
പ്രദേശത്താകെ വൈദ്യുതി വിതരണം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ക്യാമ്പുകളിൽ കഴിയുന്നവർക്കും വീടുകളിൽ തുടരുന്നവർക്കും ശുദ്ധജലവും ഭക്ഷണവും എത്തിക്കേണ്ടതുണ്ട്.
പല കിണറുകളും മലിനമായി ഉപയോഗശൂന്യമായിട്ടുണ്ട്. കൂടാതെ പ്രദേശത്തെ പാലങ്ങളും കൈവരികളും വ്യാപകമായി തകർന്നു.
നിരവധി റോഡുകൾ ഒലിച്ചുപോയിക്കഴിഞ്ഞു. ഇവയുടെ യഥാർഥ നാശനഷ്ടങ്ങളുടെ ചിത്രം വരും ദിവസങ്ങളിൽ മാത്രമേ പൂർണ്ണമായി വ്യക്തമാകൂ.
സർക്കാരിന്റെ സമ്പൂർണ്ണ പിന്തുണയോടെ പൂഞ്ഞാറിന്റെ പുനർനിർമ്മാണം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
‘രണ്ടോ മൂന്നോ മണിക്കൂർ പെയ്യുന്ന മഴ കൊണ്ടൊന്നും മുൻപ് ഈരാറ്റുപേട്ടയിലോ പൂഞ്ഞാറിലോ ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടായിട്ടില്ല. മണിക്കൂറുകൾ തുടർച്ചയായി മഴ പെയ്യുമ്പോഴാണ് ഉരുൾ പൊട്ടലും മറ്റും സംഭവിച്ചിരുന്നത്.
അതുകൊണ്ടുതന്നെ മുന്നറിയിപ്പു നൽകിയാലും ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത ഇടങ്ങളിലേക്കോ മാറാൻ തയ്യാറാകാത്ത സാഹചര്യമുണ്ട്. മലനിരകളിൽ സൈറൺ സ്ഥാപിക്കുന്നത് ഉൾപ്പെടെ കൂടുതൽ ശക്തമായ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കേണ്ടതുണ്ട്’ എന്നും എം.ജെ.
സെബാസ്റ്റ്യൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

