തിരുവനന്തപുരം ജില്ലയിൽ മത്സ്യം കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ വലിയ ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിലെ വിവിധ ഇടങ്ങളിലായി ഇരുപത്തിയഞ്ചിലധികം പേരാണ് സമാന ലക്ഷണങ്ങളോടെ ചികിത്സ തേടിയത്.
സമീപദിവസങ്ങളിലായി ഉഴമലയ്ക്കൽ ചാരുംമൂട്ടിൽ മത്സ്യം കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേർ ചികിത്സ തേടിയ സംഭവം സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. രോഗബാധിതരിൽ ഭൂരിഭാഗം പേർക്കും കടുത്ത ശാരീരിക അസ്വസ്ഥതകളാണ് അനുഭവപ്പെടുന്നത്.
ശരീരത്തിൽ അനുഭവപ്പെടുന്ന ചൊറിച്ചിൽ, ഛർദ്ദി, വയറിളക്കം, കാലുകളിലെ നീര് തുടങ്ങിയ ലക്ഷണങ്ങളോടെ മുതിർന്നവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും, കുട്ടികളെ എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രോളിങ് നിരോധനത്തിന് ശേഷം വിപണിയിലേക്ക് പുറംസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മത്സ്യങ്ങളുടെ അളവിൽ വൻ വർധനവുണ്ടായിട്ടുണ്ട്.
എന്നാൽ, ഇത്രയധികം അളവിൽ മത്സ്യം വിപണിയിലെത്തുമ്പോഴും വേണ്ടത്ര സുരക്ഷാ പരിശോധനകൾ നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ആര്യനാട്-വെള്ളറട, അഞ്ചുതെങ്ങ് മത്സ്യ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ജില്ലയിലെ പ്രധാന വിതരണം നടക്കുന്നത്.
ദിനംപ്രതി നൂറിലധികം കണ്ടെയ്നർ ലോറികളിലാണ് ഇവിടങ്ങളിലേക്ക് മത്സ്യം എത്തുന്നത്. ദിവസങ്ങളുടെ പഴക്കമുള്ള മത്സ്യം രാസവസ്തുക്കളും ഐസും ഉപയോഗിച്ച് പുതുമയുള്ളതാണെന്ന വ്യാജേന വിപണിയിലെത്തിക്കുന്നതായി വ്യാപക പരാതിയുണ്ട്.
വിലക്കുറവിൽ ലഭിക്കുന്ന ഇത്തരം മത്സ്യം വാങ്ങി പാകം ചെയ്യുമ്പോഴാണ് പലപ്പോഴും അവയുടെ യഥാർത്ഥ അവസ്ഥ പുറത്തറിയുന്നത്. ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിൽ ഉൾപ്പെടെ നടക്കുന്ന ഈ വ്യാപാര ശൃംഖലയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണ്.
വിപണിയിലെത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും, സംഭരണ-വിതരണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അടിയന്തരമായി കർശന പരിശോധനകൾ നടത്തണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

