മാരാരിക്കുളം, കലവൂർ ഭാഗങ്ങളിലെ ദേശീയപാതയോരത്ത് ശുചിമുറി മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു. കലവൂർ മുതൽ മാരാരിക്കുളം കളിത്തട്ട് ജംക്ഷൻ വരെയുള്ള മേഖലയിലാണ് സാമൂഹ്യവിരുദ്ധരുടെ ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നത്.
പ്രദേശത്തെ പലയിടങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, കുറ്റക്കാരെ കണ്ടെത്തുന്നതിൽ ഇതുവരെ വിജയിച്ചിട്ടില്ല. രാത്രികാലങ്ങളിൽ ടാങ്കർ ലോറികളിലെത്തിയാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വാഹനങ്ങളാണെന്ന ധാരണയിൽ പലപ്പോഴും നാട്ടുകാർ ഇത് ശ്രദ്ധിക്കാറില്ല.
കലവൂർ, വളവനാട്, മാരാരിക്കുളം കളിത്തട്ട് ജംക്ഷൻ എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ മാലിന്യം തള്ളുന്നത് സ്ഥിരമായിരിക്കുന്നത്. രണ്ട് മാസം മുൻപ് മാരാരിക്കുളത്ത് മാലിന്യം തള്ളിയത് പ്രദേശവാസികൾക്ക് വലിയ ദുരിതമാണ് സമ്മാനിച്ചത്.
രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് പകർച്ചവ്യാധി ഭീഷണിയിലായ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. മഴ പെയ്യുമ്പോൾ മാലിന്യം റോഡുകളിലേക്ക് ഒഴുകിയെത്തുന്നത് വാഹനയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
ഈ മേഖലകളിൽ രാത്രികാലങ്ങളിൽ പോലീസ് പട്രോളിങ് കർശനമാക്കിയാൽ മാലിന്യം തള്ളുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കുമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

