ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ ലക്ഷ്യമിട്ടിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ 247 റൺസ് വിജയലക്ഷ്യം വെച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത, ഫിൻ അലൻ, അംഗ്രിഷ് രഘുവംശി, കാമറൂൺ ഗ്രീൻ എന്നിവരുടെ മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 247 റൺസ് അടിച്ചുകൂട്ടിയത്.
35 പന്തിൽ നിന്ന് 93 റൺസ് അടിച്ചുകൂട്ടിയ ഫിൻ അലനാണ് കൊൽക്കത്തയുടെ സ്കോറിംഗിന് ചുക്കാൻ പിടിച്ചത്. അംഗ്രിഷ് രഘുവംശി 44 പന്തിൽ 82 റൺസും, കാമറൂൺ ഗ്രീൻ 28 പന്തിൽ 52 റൺസും നേടി.
ഗുജറാത്തിന് വേണ്ടി മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. ആദ്യം പന്തെറിഞ്ഞ ഗുജറാത്തിനെതിരെ കരുതലോടെയാണ് കൊൽക്കത്ത തുടങ്ങിയതെങ്കിലും, ഫിൻ അലന്റെ വെടിക്കെട്ട് ബാറ്റിംഗ് ടീമിന് മികച്ച തുടക്കം നൽകി.
ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയെ (14 പന്തിൽ 14) അഞ്ചാം ഓവറിൽ സിറാജ് ബൗൾഡ് ആക്കിയെങ്കിലും, തുടർന്നെത്തിയ അംഗ്രിഷ് രഘുവംശി അലനൊപ്പം ചേർന്ന് സ്കോർ ബോർഡ് ചലിപ്പിച്ചു. പവർ പ്ലേയിൽ കൊൽക്കത്ത 56 റൺസ് നേടിയിരുന്നു.
തുടർച്ചയായി സിക്സറുകളും ബൗണ്ടറികളും കണ്ടെത്തിയ ഫിൻ അലൻ 21 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കി. പന്ത്രണ്ടാം ഓവറിൽ സായ് കിഷോറിന്റെ പന്തിൽ റാഷിദ് ഖാന് ക്യാച്ച് നൽകി പുറത്താകുമ്പോൾ 10 സിക്സുകളും നാലു ഫോറുകളും ഉൾപ്പെടെ 93 റൺസാണ് അലൻ സ്വന്തമാക്കിയത്.
അലൻ പുറത്തായ ശേഷം ക്രീസിലെത്തിയ കാമറൂൺ ഗ്രീനും രഘുവംശിയും ചേർന്ന് മൂന്നാം വിക്കറ്റിൽ 52 പന്തിൽ നിന്ന് 108 റൺസ് അടിച്ചെടുത്തതോടെ കൊൽക്കത്ത 247 റൺസിലെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

