തിരുവനന്തപുരം: നിയുക്ത എം.എൽ.എ പി.കെ ഫിറോസ്, രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിനെത്തുടർന്ന് വ്യാപക പ്രതിഷേധം. വഞ്ചിയൂർ കോടതിയിൽ രാഷ്ട്രീയ കേസിൽ ഹാജരാകാൻ എത്തിയ വേളയിലാണ് ഇരുവരും ചേർന്ന് സെൽഫി എടുത്തത്.
ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ട് കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ കൂടെനിർത്തി പ്രതിച്ഛായ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് വിമർശനങ്ങൾ ഉയരുന്നത്. സംഭവത്തിൽ പി.കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ: “പിണറായി സർക്കാറിനെതിരെ സമരം ചെയ്തതിൻ്റെ പേരിലുള്ള കേസിന് ഇന്ന് വഞ്ചിയൂർ കോടതിയിൽ ഹാജരായി.
പ്രിയ സുഹൃത്ത് രാഹുൽ മാങ്കൂട്ടത്തിൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വിഷ്ണു മോഹൻ, ഉല്ലാസ് കോവൂർ, ഫാത്തിമ തെഹലിയ ഉൾപ്പടെ യുഡിഎസ്എഫിൻ്റെ സഹപ്രവർത്തകരും കേസിലെ പ്രതികളാണ്. സംസ്ഥാനത്തുടനീളം ഇക്കഴിഞ്ഞ പത്ത് വർഷമായി കേസിലകപ്പെട്ട
ആയിരക്കണക്കിന് പ്രവർത്തകർക്ക് കള്ളക്കേസുകളിൽ നിന്നുള്ള മോചനം കൂടിയായിരിക്കും കേരളത്തിലെ ഭരണ മാറ്റം.” ഈ പോസ്റ്റിനു താഴെ രൂക്ഷമായ കമന്റുകളാണ് ഉയരുന്നത്. ‘മൂന്ന് ബലാത്സംഗ, ഗർഭഛിദ്ര കേസ് പ്രതിയുമൊന്നിച്ച് സെൽഫി, ഭരണത്തിൽ എത്തിയാലുടൻ കേസുകളിൽ നിന്ന് കോടതി കുറ്റവിമുക്തനാക്കുമോ, തൊലിക്കട്ടി സമ്മതിക്കണം, ഇനി വിശുദ്ധൻ ആയി പ്രഖ്യാപിക്കുമോ, ഇതിനാണോ സ്ത്രീകൾ യുഡിഎഫിന് വോട്ട് ചെയ്തത്, കള്ളക്കേസ് എന്ന് പറയുമ്പോൾ രാഹുലിന്റെ കേസും ഇല്ലാതാകുമോ, മാക്സിമം വെളുപ്പിച്ചെടുക്കണം കേട്ടോ’ എന്നിങ്ങനെയാണ് വിമർശനങ്ങൾ.
അതേസമയം, പി.കെ ഫിറോസിനൊപ്പമുള്ള ദൃശ്യങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ റീൽസായി പങ്കുവെച്ചിട്ടുണ്ട്. ‘എംഎൽഎ’യെ ആദ്യമായി കാണുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള വീഡിയോയിൽ, ഇരുവരും സൗഹൃദം പങ്കുവെക്കുന്നതും ഒന്നിച്ചു നടക്കുന്നതും കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

