വിൻഡോസ് പിസികൾക്കായി മൈക്രോസോഫ്റ്റ് നൽകുന്ന ഡിഫോൾട്ട് ഫോൺ കമ്പാനിയൻ ആപ്പായ ഫോൺ ലിങ്കിന് ശക്തമായ വെല്ലുവിളിയുമായി പുതിയ ഓപ്പൺ സോഴ്സ് ആപ്പ് എത്തിയിരിക്കുന്നു. സെഫിറ (Sefirah) എന്നാണ് ഈ ആപ്പിന്റെ പേര്.
മൈക്രോസോഫ്റ്റ് ഫോൺ ലിങ്ക് ആശയത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ആപ്പ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കിടയിൽ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. ഔദ്യോഗിക ഫോൺ ലിങ്ക് ആപ്പിൽ ചില പ്രത്യേക ഫോൺ ബ്രാൻഡുകൾക്ക്, പ്രത്യേകിച്ച് സാംസങ് ഡിവൈസുകൾക്ക് മാത്രമാണ് ഭൂരിഭാഗം മികച്ച ഫീച്ചറുകളും മൈക്രോസോഫ്റ്റ് നൽകിയിട്ടുള്ളത്.
എന്നാൽ ഈ പരിമിതികളെയെല്ലാം മറികടന്നാണ് സെഫിറയുടെ പ്രവർത്തനം. യാതൊരുവിധ പെയ്വോളുകളോ പരസ്യങ്ങളോ ഇല്ലാതെ പൂർണ്ണമായും സൗജന്യമായാണ് ഈ ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്.
ഗൂഗിൾ പ്ലേ സ്റ്റോറിലും മറ്റ് ഓപ്പൺ സോഴ്സ് റെപ്പോസിറ്ററികളിലും ഇത് ലഭ്യമാണ്. മറ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ അക്കൗണ്ടിന്റെയോ മൈക്രോസോഫ്റ്റ് അക്കൗണ്ടിന്റെയോ ആവശ്യമില്ലാതെ തന്നെ ഈ ആപ്പ് പ്രവർത്തിപ്പിക്കാൻ സാധിക്കും.
എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഇതിന്റെ ഫീച്ചറുകൾ ഒരുപോലെ പ്രവർത്തിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. വിൻഡോസ് കമ്പ്യൂട്ടറുകളുമായി ഇത് അതിവേഗം കണക്റ്റ് ആകുകയും ചെയ്യുന്നു.
കൂടാതെ ലിനക്സ് പതിപ്പും ഇതിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്. ക്ലിപ്ബോർഡ് സിങ്ക് ചെയ്യൽ, ഫയൽ ഷെയറിങ് തുടങ്ങിയ കാര്യങ്ങൾ വളരെ ലളിതമായി ഈ ആപ്പിലൂടെ നിർവഹിക്കാൻ സാധിക്കും.
ഒരു ഉപകരണത്തിൽ കോപ്പി ചെയ്യുന്ന ടെക്സ്റ്റുകൾ തൽക്ഷണം മറ്റേ ഉപകരണത്തിലും ലഭ്യമാകുന്നു. ചിത്രങ്ങൾ പരസ്പരം കൈമാറാനുള്ള സൗകര്യവും ഇതിലുണ്ട്.
ഫോൺ ലിങ്ക് ആപ്പ് സാംസങ് അടക്കമുള്ള ചില ബ്രാൻഡുകൾക്ക് മാത്രം നൽകിയിട്ടുള്ള സ്റ്റോറേജ് ഇന്റഗ്രേഷൻ, പിസി റിമോട്ട് തുടങ്ങിയ സവിശേഷതകൾ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലേക്കും സെഫിറ എത്തിക്കുന്നു. സ്ക്രീൻ മിററിങ്, കോൾ ലോഗുകൾ പരിശോധിക്കൽ, എസ്എംഎസ് അയക്കൽ തുടങ്ങിയ നിരവധി സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിൻഡോസ് എക്സ്പ്ലോറർ വഴി ആൻഡ്രോയിഡ് ഫയൽ സ്റ്റോറേജിലേക്ക് പൂർണ്ണമായ പ്രവേശനവും ഈ ആപ്പ് നൽകുന്നു. ഔദ്യോഗിക ഫോൺ ലിങ്ക് ആപ്പിനേക്കാൾ ഉപയോക്തൃ സൗഹൃദവും മികച്ചതുമായ ഒരു അനുഭവം വിൻഡോസ് ഉപയോക്താക്കൾക്ക് സെഫിറ സമ്മാനിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

